
വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെയും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള H-1B വിസക്കാരുടെ പങ്കാളികളെയും (H-4 വിസക്കാർ) ആശങ്കയിലാഴ്ത്തി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ പ്രഖ്യാപനം. വർക്ക് പെർമിറ്റ് പുതുക്കാനുള്ള അപേക്ഷകൾ തീർപ്പാകാതെ കിടക്കുമ്പോൾ, നിലവിലെ പെർമിറ്റ് കാലാവധി കഴിയുന്ന കുടിയേറ്റക്കാർക്ക് ലഭിച്ചിരുന്ന ഇളവ് കാലയളവ് പൂർണ്ണമായും നിർത്തലാക്കാനാണ് പുതിയ തീരുമാനം.
ബൈഡൻ ഭരണകൂടം മുൻപ് താൽക്കാലികമായി അനുവദിച്ചിരുന്ന 540 ദിവസത്തെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ (കാലാവധി നീട്ടിനൽകൽ) പൂർണ്ണമായും ഒഴിവാക്കുന്ന പുതിയ നിയമം ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സ്ഥിരപ്പെടുത്തിയത്. അഭയാർത്ഥികളെയും എച്ച്-1ബി വിസക്കാരുടെ പങ്കാളികളെയും നേരിട്ട് ബാധിക്കുന്ന ഈ മാറ്റം, അപേക്ഷകരെ കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാൻ വേണ്ടിയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിലെ (യു.എസ്.സി.ഐ.എസ്) അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലെ വൈകൽ കാരണം വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാനാണ് മുൻപ് ഈ ഇളവ് അനുവദിച്ചിരുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 4,32,000-ത്തിലധികം വർക്ക് പെർമിറ്റ് പുതുക്കൽ അപേക്ഷകളാണ് നിലവിൽ യു.എസ്.സി.ഐ.എസിൻ്റെ പരിഗണനയിലിരിക്കുന്നത്. ഇതിൽ 91,000-ത്തിലധികം അപേക്ഷകൾ ഒന്നര വർഷത്തിലേറെയായി തീർപ്പാകാതെ കിടക്കുന്നു. ഡോക്യുമെന്റുകളുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് മാത്രമേ വിദേശ തൊഴിലാളികൾക്ക് അവ പുതുക്കാൻ അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാലാണ് പലരും പ്രതിസന്ധിയിലാകുന്നത്. ഒക്ടോബർ 14-ന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ശേഷം, 30 ദിവസത്തെ പൊതുജന അഭിപ്രായ രൂപീകരണത്തിന് ശേഷമായിരിക്കും ഈ അന്തിമ നിയമം പ്രാബല്യത്തിൽ വരിക.
അതേസമയം, ഈ നയമാറ്റത്തിനെതിരെ ഒരു കൂട്ടം എച്ച്4 വിസ ഉടമകൾ ജനുവരിയിൽ കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ കാലിഫോർണിയയിലെ കോടതി കഴിഞ്ഞ മാസം ഈ താൽക്കാലിക നിയമത്തിന് സ്റ്റേ അനുവദിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
നിലവിൽ എച്ച്-1ബി, എച്ച്-4 വിസകളുടെ കാലാവധി നീട്ടുന്നതിന് പഴയതുപോലെ വലിയ പരിശോധനകൾ ഉണ്ടാകാറില്ലായിരുന്നു. ഒരേ തൊഴിലുടമയ്ക്കും ഒരേ ജോലിസ്ഥലത്തേക്കുമാണ് അപേക്ഷിക്കുന്നതെങ്കിൽ യുഎസ്.സി.ഐ.എസ് ഇതിനെ ഒരു പുതിയ കേസ് ആയി പരിഗണിക്കാറില്ലായിരുന്നു. എന്നാൽ ഇനി മുതൽ ഇവയെല്ലാം ഒരു പുതിയ കേസ് ആയിട്ടായിരിക്കും പരിഗണിക്കുക.
ഇതോടെ വിസ അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യതയും, കൂടുതൽ രേഖകളും തെളിവുകളും സമർപ്പിക്കേണ്ട സാഹചര്യവും വർദ്ധിക്കും. ജീവനക്കാരൻ ആ തസ്തികയ്ക്ക് യോഗ്യനാണോ എന്നും, ആ ജോലി എച്ച്-1ബി വിസയുടെ നിബന്ധനകൾക്ക് വിധേയമാണോ എന്നും യു.എസ്.സി.ഐ.എസ് വീണ്ടും വിശദമായി പരിശോധിക്കും. ഇത് വിദേശ തൊഴിലാളികൾക്കും അവരെ നിയമിക്കുന്ന കമ്പനികൾക്കും കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
New rules for H-1B again? Visa extensions to be treated as new applications; will affect asylum seekers and H-4 visa holders.












