
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട യുദ്ധത്തിനും ഭീഷണികൾക്കും ഒടുവിൽ ഇറാനുമായി വലിയൊരു സമാധാന കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിൻ്റെ അന്തിമ രേഖകൾ തയ്യാറാക്കുന്ന നടപടികൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാരാന്ത്യത്തിൽ യൂറോപ്പിൽ വെച്ച് ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിൽ പ്രസിഡൻ്റ് ട്രംപിന് പകരം യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. കരാർ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ഇത് ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദം കുറയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കുകയോ വാങ്ങുകയോ ഇല്ലെന്നതാണ് ഈ കരാറിൻ്റെ പ്രധാന വ്യവസ്ഥയെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി കരാറിന് അംഗീകാരം നൽകിയതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക-സൈനിക പ്രഹരങ്ങൾ നേരിട്ടതിനാലാണ് ഇറാൻ ഇപ്പോൾ ചർച്ചകൾക്ക് തയ്യാറായതെന്നും ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള മിഡിൽ ഈസ്റ്റിലെ മുഴുവൻ രാജ്യങ്ങളും ഈ നീക്കത്തിൽ സന്തോഷത്തിലാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വാർത്തകൾ തള്ളി ഇറാൻ
അതേസമയം, അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാർത്തകൾ ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. ചർച്ചകളിൽ പുരോഗതിയുണ്ടെന്നത് ശരിയാണെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. വാഷിംഗ്ടൺ ചർച്ചകളിൽ പുതിയതും അമിതവുമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണെന്നും, സമ്മർദ്ദങ്ങൾക്ക് വഴങ്ങി തങ്ങളുടെ റെഡ് ലൈനുകൾ (നിർണായക നിലപാടുകൾ) ലംഘിക്കാൻ ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന മുൻ നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
Big deal with Iran confirmed; Trump says signing could happen this weekend, Europe may be the venue, Strait of Hormuz will open soon














