വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹങ്ങൾ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. 15 ഇന്ത്യൻ വിനോദസഞ്ചാരികൾക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 10 തമിഴ്നാട് സ്വദേശികളും മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മരിച്ചു.
അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസിൻ്റെയും ഭാര്യ ലൗനി തോമസിൻ്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. മെഡിക്കൽ കമ്പനി സംഘടിപ്പിച്ച സ്പോൺസേർഡ് വിനോദയാത്രയിൽ പങ്കെടുക്കാനാണ് ഏഴാം തീയതി എസി തോമസും ഭാര്യ ലൗനിയും യാത്രതിരിച്ചത്. ട്രെയിൻ മാർഗ്ഗം ചെന്നൈയിലെത്തിയ ഇരുവരും വിമാനമാർഗ്ഗം വിയറ്റ്നാമിലെത്തുകയായിരുന്നു.
ബോട്ടിൽ 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിയറ്റ്‌നാമിലെ ഫു കോക്ക് ദ്വീപിന് സമീപം ഹോ മേ റൂദ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ആയിരുന്നു ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നാലെ ബോർഡർ ഗാർഡും നാവികസേനയും കോസ്റ്റ് ഗാർഡും എത്തി. ഉച്ചയോടെ തന്നെ 18 പേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ സാധിച്ചിരുന്നു. പിന്നീടുള്ള തിരച്ചിലാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.
അതേസമയം, അപകടത്തിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിർദേശിച്ചിരിക്കുന്നത്.
Bodies of those who died in the Vietnam boat accident have been brought to Ho Chi Minh City; they will be sent to India as soon as formalities are completed.














