
മൈസൂരു: തെന്നിന്ത്യൻ ജനതയുടെ ഹൃദയം കവർന്ന പ്രിയ ഗായിക എസ്. ജാനകിക്ക് (88) രാജ്യം ഇന്ന് വിട നൽകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ, ശനിയാഴ്ച വൈകിട്ടാണ് അന്തരിച്ചത്.
പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനപ്രവാഹമാണ് മൈസൂരിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. രാഷ്ട്രീയ-സാംസ്കാരിക-സിനിമ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിക്കും.
തൻ്റെ അന്ത്യവിശ്രമം മൈസൂരിൽ തന്നെ വേണമെന്ന ജാനകിയമ്മയുടെ അന്ത്യാഭിലാഷ പ്രകാരം, വൈകിട്ട് 4.30-ന് കനിയനഹുണ്ടി ഗ്രാമത്തിലുള്ള ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. വൻ ജനത്തിരക്ക് കണക്കിലെടുത്ത് മൈസൂരു നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാജ കോളേജ് ഗ്രൗണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകും.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാണ് ഈ വാനമ്പാടി ജനമനസ്സുകളിലേക്ക് പാടിപ്പടർത്തിയത്. ആ മധുരശബ്ദം ഇനി ഓർമ്മകളിൽ മാത്രം. സോഷ്യൽ മീഡിയയിലൂടെ കൊച്ചുമകൾ അപ്സര വിദ്യുലയാണ് ജാനകിയമ്മയുടെ വിയോഗവാർത്ത ആദ്യമായി പങ്കുവെച്ചത്. കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഈ വർഷം ജനുവരിയിൽ ഏക മകൻ മുരളി കൃഷ്ണ മരണപ്പെട്ടിരുന്നു. അതിനുശേഷം മൈസൂരു ബൊഗാദി സെക്കൻഡ് സ്റ്റേജ് നോർത്തിലെ വീട്ടിൽ കൊച്ചുമകൾക്കൊപ്പമായിരുന്നു താമസം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ജാനകിയമ്മയുടെ വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിനിമ-സംഗീത ലോകത്തുനിന്നും രജനീകാന്ത്, ചിരഞ്ജീവി, വിജയ് തുടങ്ങിയ നിരവധി പ്രമുഖർ ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് തുടക്കം. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്നു. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യം ആലപിച്ചത്.
2016-ൽ പുറത്തിറങ്ങിയ ‘പത്തുകൽപ്പനകളിൽ’ എന്ന സിനിമയിലെ ‘അമ്മപ്പൂ…’ എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ജാനകിയമ്മ അവസാനമായി റെക്കോർഡ് ചെയ്തത്. 2016 ജനുവരി 23-ന് കോഴിക്കോട്ടെ ടാഗോർ സെൻ്റനറി ഹാളിൽ വെച്ചാണ് അവർ തൻ്റെ അവസാന സ്റ്റേജ് പ്രോഗ്രാം നടത്തിയത്. മലയാളത്തിൻ്റെ പ്രിയ സംഗീത സംവിധായകൻ എം.എസ്. ബാബുരാജിൻ്റെ 576 ഗാനങ്ങളിൽ 128 എണ്ണവും പാടിയത് എസ്. ജാനകിയായിരുന്നു. ഇതിൽ 94 എണ്ണവും സോളോ ഗാനങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കപ്പെട്ട അവർ നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, 14 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
The nation will bid farewell to the late S. Janaki today; the funeral will be held in the evening with official honours















