
കാൻസസ് സിറ്റി: നാടകീയതയും ആവേശവും നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന ഫിഫ ലോകകപ്പ് 2026-ൻ്റെ സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിലാണ് അർജൻ്റീന വിജയം കൊയ്തത്. ബുധനാഴ്ച അറ്റ്‌ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ ശക്തരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
മത്സരത്തിൻ്റെ പത്താം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സിയുടെ അളന്നുമുറിച്ച ക്രോസിൽ നിന്നും അലക്സിസ് മാക് അലിസ്റ്റർ ഹെഡ്ഡറിലൂടെ ഗോൾ നേടി അർജൻ്റീനയ്ക്ക് മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് താളം കണ്ടെത്തിയ സ്വിറ്റ്സർലൻഡ് അർജൻ്റീനയെ സമ്മർദ്ദത്തിലാഴ്ത്തി. അതിൻ്റെ ഫലമായി 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ ക്ലോസ്-റേഞ്ച് ഗോളിലൂടെ സ്വിസ് പട അർഹിച്ച സമനില പിടിച്ചുപറ്റി.
മത്സരത്തിൻ്റീ 72-ാം മിനിറ്റിൽ വിഎആർ ഇടപെടലിനെ തുടർന്ന് സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പ് കാർഡോടെ പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി. ഫ്രീ കിക്ക് നേടാനായി എംബോളോ ഫൗൾ അഭിനയിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ പോർച്ചുഗീസ് റഫറി ജോവോ പിൻഹീറോ താരത്തിന് മാർച്ചിംഗ് ഓർഡർ നൽകുകയായിരുന്നു.
പത്തുപേരുമായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കിയ സ്വിറ്റ്സർലൻഡിനെതിരെ നിശ്ചിത സമയത്ത് അർജൻ്റീനയ്ക്ക് ലീഡ് നേടാനായില്ല. ഒടുവിൽ അധികസമയത്തിൻ്റെ 112-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഉതിർത്ത 25 വാര അകലെ നിന്നുള്ള തകർപ്പൻ ലോംഗ് റേഞ്ചർ സ്വിസ് വല തുളച്ചതോടെ അർജൻ്റീന ക്യാമ്പ് ഉണർന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിരോധം മറന്ന് സ്വിസ് പട മുന്നേറിയത് മുതലാക്കി, പ്രത്യാക്രമണത്തിനൊടുവിൽ ലൗട്ടാരോ മാർട്ടീനസ് അർജൻ്റീനയുടെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.
മറ്റൊരു ക്വാർട്ടറിൽ നോർവേയെ അധികസമയത്ത് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനെ നേരിടും. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമാകാൻ 39-കാരനായ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജൻ്റീനയ്ക്ക് ഇനി രണ്ട് വിജയങ്ങൾ കൂടി മതി.
Defending champions Argentina have reached the semi-finals of the 2026 FIFA World Cup after defeating Switzerland in the quarter-final clash.















