
അനിൽ മറ്റത്തിക്കുന്നേൽ
ഇല്ലിനോയ് സംസ്ഥാനത്തെ പിയോറിയയിലെ BioUrja Renewables എഥനോൾ നിർമ്മാണശാലയിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്ന സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. 41 വയസ്സുകാരനായ ആൻഡ്രൂ എം. കോസാക്കിനെതിരെയാണ് നവംബർ 17 ന് ഫെഡറൽ കുറ്റങ്ങൾ ചുമത്തിയത്. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമെന്ന് ഭീ ഷണിപ്പെടുത്തിയതും ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ചതുമാണ്കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ.
നവംബർ 13 ഉച്ചയോടെയാണ് പ്ലാന്റിൽ ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഉപകരണം കണ്ടെത്തി.ഇത് യഥാർത്ഥ സ്ഫോടന ഭീഷണിയാണെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ അടിയന്തര സുരക്ഷാ നടപടികൾ ആരംഭിച്ചു. എഥനോളും മറ്റ് അതീവ ജ്വലനശേഷിയുള്ള രാസവസ്തുക്കളും സംഭരിക്കുന്ന
സ്ഥാപനമായതിനാൽ ഒരു മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ
ഒഴിപ്പിക്കാൻ ഉത്തരവിട്ടു. പിയോറിയയിലെയും ഈസ്റ്റ് പിയോറിയയിലെയും താമസക്കാരും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അന്നു രാത്രി തന്നെ ബോംബ് നിർവീര്യമാക്കിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തിൽ പരിശോധന തുടർന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചത്.സംഭവത്തെ തുടർന്ന് പിയോറിയ സിവിക് സെന്ററിൽ നടത്താനിരുന്ന സംഗീതപരിപാടി ഉൾപ്പെടെ നിരവധി പൊതുപരിപാടികൾ തടസ്സപ്പെട്ടു.
പ്ലാന്റിൽ ഏകദേശം പത്ത് മാസമായി പരിശീലന ജീവനക്കാരനായി ജോലി ചെയ്തിരുന്ന
ആൻഡ്രൂ കോസാക്കിനെ നവംബർ 16 തിങ്കളാഴ്ച അധികൃതർ കസ്റ്റഡിയിലെടുത്തു. പിയോറിയയ്ക്ക് സമീപമുള്ള ചിലിക്കോത്തിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കമ്പനിക്ക് അയച്ച ഭീഷണി ഇമെയിലിൽ പ്ലാന്റിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ പുറത്തുവന്ന കുറ്റപത്രത്തിൽ കോസാക്ക് തന്നെയാണ് ബോംബ്സ്ഥാ പിച്ചതെന്ന് നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ പിന്നിലെ ലക്ഷ്യവും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ബോംബ് നിർവീര്യമാക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വ്യവസായ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ, ജീവനക്കാരുടെ പ്രവേശന നിയന്ത്രണം, അടിയന്തര ഒഴിപ്പിക്കൽ നടപടികൾ എന്നിവയുടെ പ്രാധാന്യവും സംഭവം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.















