കനാരപ്പടയ്ക്ക് ആവേശം; നെയ്മർ തിരിച്ചെത്തുന്നു, സ്കോട്‌ലൻഡിനെതിരെ കളിക്കും

മയാമി: ബ്രസീൽ ആരാധകർക്ക് വൻ ആവേശം പകർന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായകമായ അവസാന മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ നെയ്മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വലത് കണങ്കാലിനേറ്റ പരിക്ക് പൂർണ്ണമായി മാറിയതോടെയാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ മെയ് 17-ന് ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്. പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാത്തതിനാൽ ലോകകപ്പിലെ ബ്രസീലിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് വിശ്രമം അനുവദിക്കേണ്ടി വന്നിരുന്നു. നെയ്മറിൻ്റെ അഭാവത്തിലും ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില (1-1) വഴങ്ങിയ ബ്രസീൽ, രണ്ടാം മത്സരത്തിൽ ഹൈതിയെ (3-0) തകർത്ത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

ശനിയാഴ്ച തനിച്ചും, തിങ്കളാഴ്ച മുതൽ ടീമിനൊപ്പവും നെയ്മർ പൂർണ്ണതോതിൽ പരിശീലനം പുനരാരംഭിക്കുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഫ്ലോറിഡയിലെ മയാമി ഗാർഡൻസിൽ വെച്ചാണ് ബ്രസീൽ – സ്കോട്‌ലൻഡ് പോരാട്ടം. നിലവിൽ 4 പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാമതുള്ള ബ്രസീലിന് നോക്കൗട്ട് ഉറപ്പാക്കാൻ ഈ മത്സരത്തിൽ ഒരു സമനിലയോ വിജയമോ മാത്രം മതി.

സൂപ്പർ താരത്തിൻ്റെ തിരിച്ചുവരവ് ടീമിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന കനാരപ്പടയ്ക്ക് നെയ്മറിൻ്റെ സാന്നിധ്യം വരും മത്സരങ്ങളിൽ വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

Brazilian football star Neymar has returned to training with his World Cup squad

More Stories from this section

family-dental
witywide