
റോം/വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പരിഹസിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ പുതിയ നയതന്ത്ര യുദ്ധത്തിന് വഴിതുറന്നു. ട്രംപിൻ്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അൻ്റോണിയോ തജാനി തൻ്റെ ഔദ്യോഗിക അമേരിക്കൻ പര്യടനം അടിയന്തരമായി റദ്ദാക്കി. ട്രംപിൻ്റെ അവകാശവാദങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ജോർജിയ മെലോനി തുറന്നടിച്ചു.
ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ ‘കെഞ്ചി അപേക്ഷിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ വിവാദ പരാമർശം. ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘La7’-ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അവരോട് പാവം തോന്നിയതുകൊണ്ടാണ് താൻ ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിൻ്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് മെലോനി രംഗത്തെത്തി. “ട്രംപിൻ്റെ പ്രസ്താവനകൾ വ്യാജമാണ്. സ്വന്തം സഖ്യകക്ഷികളോട് യു.എസ് പ്രസിഡൻ്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുക്കളോട് കാണിക്കാത്ത കാഠിന്യമാണ് അദ്ദേഹം സഖ്യകക്ഷികളോട് കാണിക്കുന്നത്. ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ യാചിക്കാറില്ലെന്ന് ട്രംപ് ഓർക്കണം,” എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിൽ മെലോനി വ്യക്തമാക്കി.
ട്രംപിൻ്റെ പരാമർശം നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത ആഴ്ച മയാമിയിൽ നടക്കാനിരുന്ന യു.എസ്-ഇറ്റലി ബിസിനസ്സ് നിക്ഷേപ ഫോറം ഇതോടെ റദ്ദാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും ഇറ്റാലിയൻ വിദേശകാര്യമന്ത്രി പിന്മാറി.
നേരത്തെ ട്രംപിൻ്റെ അടുത്ത സഖ്യകക്ഷിയായിരുന്ന മെലോനിയുമായി ഇറാൻ വിഷയത്തിലാണ് അമേരിക്ക ഇപ്പോൾ അകൽച്ചയിലായത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് പിന്തുണ നൽകാൻ ഇറ്റലി വിസമ്മതിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന പുതിയ സംഭവം.
Trump’s controversial remarks: Italian Foreign Minister cancels US trip; diplomatic crisis between the two countries















