ബംഗ്ലാദേശിൽ വീണ്ടും വർഗീയ സംഘർഷം: ശ്രീരാമ പ്രതിമയുടെ നിർമ്മാണം തടഞ്ഞതിനെതിരെ ധാക്കയിൽ ഹിന്ദുക്കളുടെ വൻ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ നിർമ്മാണത്തിലിരിക്കുന്ന ഭഗവാൻ ശ്രീരാമൻ്റെ പ്രതിമയെ എതിർക്കുന്ന തീവ്രവാദികൾ, ശ്രീരാമൻ്റെ ചിത്രം ചെരുപ്പുവെച്ച് അപമാനിച്ചതിനെതിരെ തലസ്ഥാനമായ ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം. പ്രതിമയുടെ നിർമ്മാണം അധികൃതർ തടഞ്ഞതിനെത്തുടർന്ന്, വെള്ളിയാഴ്ച ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദുക്കൾ ധാക്കയിൽ പന്തംകൊളുത്തി പ്രകടനം നടത്തുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. അതിക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വടക്കൻ ഗൈബന്ധ ജില്ലയിലെ പലാശ്ബാരിയിൽ നിർമ്മിക്കുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ പണികൾ കഴിഞ്ഞ ദിവസമാണ് നിർത്തിവെച്ചത്. പദ്ധതിക്ക് നേതൃത്വം നൽകുന്ന ‘ശ്രീ ശ്രീ രാധാ ഗോവിന്ദ മന്ദിര സമിതി’ക്ക് നേരെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് വലിയ തോതിൽ ഭീഷണി ഉയർന്നിരുന്നു. ഒരു തീവ്രവാദി പ്രഭാഷകൻ പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് സാമുദായിക സൗഹാർദ്ദം തകരാതിരിക്കാനാണ് താൽക്കാലികമായി നിർമ്മാണം നിർത്തിവെക്കുന്നതെന്ന് ക്ഷേത്ര സമിതി അറിയിച്ചു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഹിന്ദു മഹാജോത്, നാഷണൽ കമ്മിറ്റി ഫോർ പൂജ സെലിബ്രേഷൻസ് തുടങ്ങിയ സംഘടനകളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ധാക്കയിലെ ഷാബാഗ് കവലയിൽ നിന്ന് നാഷണൽ പ്രസ് ക്ലബ്ബിലേക്ക് വൻ മാർച്ച് നടത്തി. പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധക്കാർ മനുഷ്യച്ചങ്ങല തീർത്തു.

അക്രമികൾക്കെതിരെ നടപടിയെടുക്കാൻ താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ മടിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ അന്ത്യശാസനമാണ് ഹിന്ദു സംഘടനകൾ നൽകിയിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും, പ്രതിമ നിർമ്മാണം തടഞ്ഞാൽ ബംഗ്ലാദേശിലെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കുമെന്നും ഹിന്ദു മഹാജോത് മുന്നറിയിപ്പ് നൽകി.

ഏകദേശം 22 കോടി ബംഗ്ലാദേശി ടാക്ക (15.6 കോടി രൂപ) ചെലവിൽ നിർമ്മിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തിൽ ശ്രീരാമ പ്രതിമയ്ക്ക് പുറമെ ശ്രീകൃഷ്ണന്റെയും ശിവന്റെയും പ്രതിമകളും ഉൾപ്പെടുന്നുണ്ട്. നിലവിൽ ശ്രീരാമ പ്രതിമയുടെ 80 ശതമാനത്തോളം പണികളും പൂർത്തിയായതാണ്.

ബംഗ്ലാദേശിലെ ആകെ ജനസംഖ്യയുടെ 8 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ അടുത്തിടെയായി വർദ്ധിച്ചുവരികയാണ്. ഈ വർഷം ജനുവരി 1 നും മാർച്ച് 31 നും ഇടയിൽ മാത്രം 133 വർഗീയ അക്രമ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Huge protest in Dhaka against desecration of Shri Ram statue; Hindus chant ‘Jai Shri Ram’ slogans

More Stories from this section

family-dental
witywide