അന്താരാഷ്ട്ര വ്യാപാര രംഗത്ത് യു.എസ് ഡോളറിന്മേലുള്ള ആശ്രയത്വം കുറയ്ക്കാനുള്ള (De-dollarization) നീക്കങ്ങൾ ശക്തിപ്പെടുത്തി ബ്രിക്‌സ് കൂട്ടായ്മ. വരാനിരിക്കുന്ന വാരാന്ത്യത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഡോളറിനെ വ്യാപാരത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പ്രധാന അജണ്ടയാകും. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന ഡോളറിന്റെ മേധാവിത്വം അവസാനിപ്പിക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്താനാണ് അംഗരാജ്യങ്ങളുടെ നീക്കം. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ വിദേശനാണ്യ ശേഖരം ജി7 രാജ്യങ്ങൾ മരവിപ്പിക്കുകയും സ്വിഫ്റ്റ് പേയ്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തതാണ് ഇത്തരം നീക്കങ്ങൾക്ക് വേഗം കൂട്ടിയത്. നിലവിൽ റഷ്യയും ചൈനയും തമ്മിലുള്ള ഭൂരിഭാഗം ഇടപാടുകളും റൂബിളിലും യുവാനിലുമാണ് നടക്കുന്നത്.
എന്നാൽ, ഡോളറിനെതിരെയുള്ള റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളിൽ ഇന്ത്യ അതീവ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഡോളറിന് പകരം മറ്റൊരു പൊതു കറൻസി എന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ ഡോളറിന്റെ പങ്ക് വലുതാണെന്നും അമേരിക്കയുമായി സഹകരിച്ച് നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള പൊതു ബ്രിക്‌സ് കറൻസി എന്ന നിർദേശത്തെ ഇന്ത്യ പിന്തുണച്ചിട്ടില്ല.
അതേസമയം, ബ്രിക്‌സ് രാജ്യങ്ങളുടെ ഡോളർ വിരുദ്ധ നീക്കങ്ങൾക്കെതിരെ കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഡോളറിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഡോളറിന് അതിൻ്റെ റിസർവ് കറൻസി പദവി നഷ്ടപ്പെടുന്നത് ഒരു ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതിന് തുല്യമാണെന്ന് ട്രംപ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ഡോളറാണ് രാജാവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഒരു പൊതു ബ്രിക്‌സ് കറൻസിക്ക് പകരം, അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം അതത് രാജ്യങ്ങളുടെ സ്വന്തം കറൻസികളിൽ നടത്തുന്ന രീതി പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ യു.പി.ഐ, റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ എന്നിവ മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ബദൽ ഡിജിറ്റൽ പേമെന്റ് സംവിധാനവും ഇന്ത്യ മുന്നോട്ടുവെക്കും. പാശ്ചാത്യ പേയ്മെന്റ് സംവിധാനങ്ങളെ ആശ്രയിക്കാതെ അതിവേഗം സാമ്പത്തിക ഇടപാടുകൾ നടത്താനും വ്യാപാരച്ചെലവ് കുറയ്ക്കാനും രൂപയുടെ അന്താരാഷ്ട്ര പദവി ഉയർത്താനും ഇത് സഹായിക്കുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
പ്രാദേശിക കറൻസികളിലുള്ള ഇടപാടുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാരത്തിലും കരുതൽ ശേഖരത്തിലും ആധിപത്യമുള്ള ഡോളറിനെ പൂർണ്ണമായി മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണ്. കൂടാതെ ബ്രിക്‌സ് രാജ്യങ്ങളുടെ വ്യത്യസ്തമായ സാമ്പത്തിക താത്പര്യങ്ങളും ധനനയങ്ങളും ഏകീകൃത ബദൽ കണ്ടെത്തുന്നതിനെ ബുദ്ധിമുട്ടിലാക്കുന്നു. പാശ്ചാത്യ വിപണിയെയോ അമേരിക്കൻ ഡോളറിനെയോ നേരിട്ട് വെല്ലുവിളിക്കുന്ന ചൈന കേന്ദ്രീകൃത ചേരിയായി ബ്രിക്‌സ് മാറാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഡോളറിനെ പൂർണ്ണമായി ഒഴിവാക്കുക എന്നതിലുപരി അതിനോടുള്ള ആശ്രയത്വം എത്രത്തോളം കുറയ്ക്കാനാകും എന്നതിലാവും ന്യൂഡൽഹി ഉച്ചകോടിയിൽ പ്രധാന ചർച്ച നടക്കുക.
BRICS Summit: Russia and China Push to De-Dollarize Trade as India Maintains Cautious Stance












