
ചെന്നൈ: ലണ്ടനിൽ നിന്നെത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പക്ഷിയിടിച്ചു. വൻ ദുരന്തം ഒഴിവായത് പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലം. വിമാനത്തിൻ്റെ നോസ് കോണിന് (കോക്പിറ്റിന് തൊട്ടുമുന്നിലെ ഭാഗം) പക്ഷിയിടിയിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു.
പുലർച്ചെ 3:30 ഓടെയായിരുന്നു സംഭവം. റൺവേയ്ക്ക് വെറും 500 അടി മാത്രം ഉയരത്തിൽ വെച്ചാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. അപകടസമയത്ത് വിമാനത്തിൽ 224 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. പൈലറ്റിൻ്റെ മനസ്സാന്നിധ്യം കൊണ്ട് വിമാനം ചെന്നൈ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
പക്ഷിയിടിയുടെ ആഘാതത്തിൽ വെതർ റഡാർ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ അടങ്ങുന്ന നോസ് കോൺ ഭാഗികമായി തകർന്നു. തുടർന്ന് വിമാനം വിശദമായ അറ്റകുറ്റപ്പണികൾക്കായി സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണത്തിലേക്ക് മാറ്റി.
ഇതേതുടർന്ന് ചെന്നൈയിൽ നിന്നും തിരികെ ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് മടക്ക സർവീസ് റദ്ദാക്കി. യാത്രക്കാരെ ചെന്നൈയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയതായും ഇവർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്നും അധികൃതർ അറിയിച്ചു.
British Airways flight hit by bird while landing in Chennai; front part of cockpit collapses, all 236 passengers safe















