
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കെതിരായ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് ജഡ്ജി കെ.എൻ. പ്രശാന്ത് വ്യക്തമാക്കി. അതേസമയം, മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്; ശിക്ഷ സംബന്ധിച്ച വാദം നാളെയും വിധി മറ്റന്നാളും നടക്കും.
ധനരാജിന്റെ അമ്മ മാധവി, ഭാര്യ സജിനി എന്നിവരുടെ നിർണായക മൊഴികൾ വിശ്വാസത്തിലെടുത്താണ് കോടതി ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ, ഒന്നാം സാക്ഷിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയ കോടതി, ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപിക്കപ്പെട്ട നാല്, അഞ്ച്, ആറ് പ്രതികളെ വെറുതെവിട്ടതും മൂന്ന് സാക്ഷികൾ ഹാജരാകാതിരുന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും ഇറച്ചിവെട്ടുന്ന കടയിൽ പോലും ഇത്തരത്തിൽ വെട്ടില്ലല്ലോ എന്നും ധനരാജിന് വെട്ടേറ്റ ചിത്രം ചൂണ്ടിക്കാട്ടി കോടതി പ്രതിഭാഗത്തോട് ചോദിച്ചു. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എങ്ങനെ പറയുമെന്നും ഗുണ്ടാസംഘം ചെയ്യുന്ന പ്രവൃത്തിയാണിതെന്നും കോടതി രൂക്ഷമായി വിമർശിച്ചു. മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയ വിധി സ്വാഗതാർഹമാണെന്നും മറ്റുള്ളവരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി. ശ്രീധരൻ അറിയിച്ചു.
C.V. Dhanaraj Murder Case: Court Finds First Three Accused Guilty, Acquits 16; Sentencing Day After Tomorrow















