
മലപ്പുറം: മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ് ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17-കാരി. താൻ ഉപയോഗിച്ചിരുന്ന ‘എഫ് ട്യൂൺ’ എന്ന ക്രീമിൽ നിന്നാണ് രോഗമുണ്ടായതെന്ന് പൊലീസിന് മൊഴി നൽകിയതായും, ക്രീമിന്റെ സാമ്പിൾ കൈമാറിയതായും പെൺകുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും കുട്ടി അഭ്യർത്ഥിച്ചു. താൻ എന്തായാലും അപകടത്തിൽപ്പെട്ടുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ തന്നെ വേദനിപ്പിക്കുന്ന കമന്റുകൾ ഇടുന്നവരുണ്ടെങ്കിലും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങുന്നതെന്നും 17-കാരി വ്യക്തമാക്കി.
അതേസമയം, സൗന്ദര്യവർധക ഉത്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിൽ ഫെയർനെസ് ക്രീമുകളിൽ വൻതോതിൽ ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തി. അനുവദനീയമായ അളവായ 1 പിപിഎമ്മിന് (ഒരു കിലോഗ്രാമിൽ ഒരു മില്ലിഗ്രാം) പകരം 20,000 പിപിഎം മെർക്കുറിയാണ് പിടിച്ചെടുത്ത ചില ക്രീമുകളിൽ തിരിച്ചറിഞ്ഞത്. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ട്. ഈ വർഷം നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത ക്രീമുകളിൽ ഭൂരിഭാഗത്തിനും നിർമ്മാതാക്കളുടെ വിവരങ്ങളോ ചേരുവകളുടെ പട്ടികയോ ഇല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭ്യമല്ലാത്ത വിദേശ ക്രീമുകൾ ഇറക്കുമതി ചെയ്തും, ഊരും പേരുമില്ലാത്ത ഉത്പന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയും ബില്ലുപോലുമില്ലാതെയാണ് ഓൺലൈനായി വിറ്റഴിക്കുന്നത്. ഹെവി മെറ്റൽ പരിശോധനയ്ക്ക് ചെലവേറുമെന്നതും സംസ്ഥാനത്ത് അതിനുള്ള ലബോറട്ടറികൾ കുറവാണെന്നതും പരിശോധനകൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
പരാതികൾ വ്യാപകമായതോടെ ‘ഓപ്പറേഷൻ സൗന്ദര്യ’ വീണ്ടും ഊർജ്ജിതമാക്കാനാണ് സർക്കാർ നീക്കം. കൃത്യമായ ലേബലിംഗും ഇറക്കുമതി രേഖകളും ഇല്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളെ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തും. ഇത്തരം ക്രീമുകളുടെ പട്ടിക തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴിയുള്ള വിൽപ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളിൽ നിന്നടക്കം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനുമാണ് തീരുമാനം.
17-Year-Old Victim Vows Strong Legal Battle Over Kidney Damage from Toxic Face Cream; Inspections Reveal 20,000 Times Permissible Mercury Levels in Fake Cosmetics














