അമേരിക്കയിൽ വൻ കോളിളക്കമുണ്ടാക്കിയ വാടകഗർഭധാരണ വിവാദം: കാലിഫോർണിയയിലെ ദമ്പതികൾ അറസ്റ്റിൽ; 21 കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതായി കണ്ടെത്തൽ

ലോസ് ആഞ്ചലസ്: അമേരിക്കയിൽ വൻ കോളിളക്കം സൃഷ്ടിച്ച വാടകഗർഭധാരണ (സറോഗസി) വിവാദത്തിന് പിന്നാലെ, കാലിഫോർണിയയിലെ ദമ്പതികളെ ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഗ്വോജുൻ ഷുവാൻ, സിൽവിയ ഷാങ് എന്നിവരാണ് തങ്ങളുടെ കൊട്ടാരസമാനമായ വസതിയിൽ വെച്ച് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായത്. കുട്ടികൾക്കെതിരായ അതിക്രമം, ഗൂഢാലോചന, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ലോസ് ആഞ്ചലസ് ഡിസ്ട്രിക്റ്റ് അറ്റോർണി നഥാൻ ജെ. ഹോച്ച്മാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2025 ജൂലൈയിൽ ഇവരുടെ അർക്കാഡിയയിലെ വസതിയിൽ അധികൃതർ നടത്തിയ റെയ്ഡിൽ ഭൂരിഭാഗവും വാടകഗർഭധാരണത്തിലൂടെ ജനിച്ച 21 കുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ വസതിയിലെത്തി ദമ്പതികളെ അറസ്റ്റ് ചെയ്ത പോലീസ്, പസദേന കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ഓരോരുത്തർക്കും 20 ദശലക്ഷം ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) ജാമ്യത്തുക കോടതി നിശ്ചയിച്ചു.

2025 മെയ് മാസത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞുമായി സിൽവിയ ഷാങ് ആശുപത്രിയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്ക് പറ്റിയതിനെക്കുറിച്ച് ഇവർ നൽകിയ വിവരങ്ങളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വസതിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവന്നത്. വീടിനുള്ളിൽ ‘ലേണിങ് സെന്ററുകൾ’ എന്ന് പേരിട്ടിരുന്ന മൂന്ന് മുറികളിലായി കുട്ടികളെ മണിക്കൂറുകളോളം അനങ്ങാതെ ഇരുത്തുകയും ആയമാരെ (നാനിമാർ) ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി ഡിസ്ട്രിക്റ്റ് അറ്റോർണി വെളിപ്പെടുത്തി. ഈ വീട് അക്ഷരാർത്ഥത്തിൽ ഒരു ‘ഭീതിയുടെ ഭവന’മായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വീടിന്റെ വിവിധ ഭാഗങ്ങളിലായി 32 മോഷൻ സെൻസർ ക്യാമറകൾ സ്ഥാപിച്ചാണ് ഇവർ കുട്ടികളെ നിരീക്ഷിച്ചിരുന്നത്. ആയമാർ കുട്ടികളെ തല്ലുന്നതും മർദ്ദിക്കുന്നതും ഓഫീസിലെ ടിവി സ്ക്രീനിലൂടെ കണ്ട് ദമ്പതികൾ നിയന്ത്രിച്ചിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയ്ക്കടിച്ച ചുൻമെയ് ലി എന്ന ആയക്കെതിരെ മുൻപ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവർ ഇപ്പോഴും ഒളിവിലാണ്. എന്നാൽ തന്റെ കക്ഷി നിരപരാധിയാണെന്നും, ഒളിവിൽ പോയ ആയയാണ് ക്രൂരതകൾക്ക് ഉത്തരവാദിയെന്നും ഷുവാന്റെ അഭിഭാഷകൻ വാദിച്ചു. വലിയൊരു കുടുംബമുണ്ടാകാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചതിനാണ് തന്റെ കക്ഷിയെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സംഭവത്തിൽ എഫ്.ബി.ഐയും പ്രത്യേകം പരിശോധന നടത്തിയിട്ടുണ്ടെന്നും, കസ്റ്റഡിയിലെടുത്ത 21 കുട്ടികൾക്കും നീതി ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾ സംയുക്തമായി പ്രവർത്തിക്കുമെന്നും ഷെരീഫ് റോബർട്ട് ലൂണ വ്യക്തമാക്കി. സറോഗസി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് വാടകഗർഭധാരണത്തിന് വിധേയരായ അമ്മമാരുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide