കാനഡ-യൂറോപ്യൻ യൂണിയൻ കൂട്ടായ്മയെക്കുറിച്ച് ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ് മാർക്ക് കാർണി; ‘കൂട്ടുക്കെട്ട് സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ’

പാരീസ്: യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ദൃഢമാക്കാനുള്ള തന്റെ നിർദ്ദേശം മെച്ചപ്പെട്ട മര്യാദകളുള്ള പുതിയ ഭൂരാഷ്ട്രീയ ബ്ലോക്ക് ഉണ്ടാക്കാനല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഫ്രാൻസിൽ യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നിർദ്ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് കാർണിയുടെ ഈ പരാമർശം.

നിലവിലില്ലാത്ത ഈ പദവി നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്ന് പുതിയ താരിഫ് ഭീഷണിക്കും കാരണമായിരുന്നു. സഖ്യകക്ഷികളാണെങ്കിൽ പോലും ട്രംപിന്റെ കടുത്ത വ്യാപാര സമീപനങ്ങൾ നേരിടുന്ന കാനഡയും യൂറോപ്യൻ യൂണിയനും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പുതിയ സഖ്യങ്ങൾ തേടാൻ ഇത് കാരണമായിട്ടുണ്ട്. സ്വയംപര്യാപ്തതയേക്കാൾ റെസിലിയൻസ് അല്ലെങ്കിൽ പ്രതിരോധശേഷി കൈവരിക്കാനാണ് യൂറോപ്പുമായി ആഴത്തിലുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് കാർണി പറഞ്ഞു.

മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കാൻ തങ്ങൾ അധികാരം തേടുന്നില്ലെന്നും, പകരം ആരും തങ്ങളുടെ തുറന്ന വിപണികളെ നിയന്ത്രിക്കാതിരിക്കാനും, പരമാധികാരത്തെ ബാധിക്കാതിരിക്കാനും, സ്വാതന്ത്ര്യവും ജനാധിപത്യവും നിയമവ്യവസ്ഥയും സംരക്ഷിക്കാനുമാണ് ഈ പ്രതിരോധശേഷി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ പൂർണ്ണ അംഗമാകാൻ കാനഡയ്ക്ക് ഉദ്ദേശ്യമോ സാഹചര്യമോ ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതിയ സഖ്യത്തിന്റെ അന്തിമ ഘടനയെക്കുറിച്ച് കനേഡിയൻ നിയമനിർമ്മാതാക്കൾ ചർച്ച ചെയ്യുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു. കാനഡയെ കൂടുതൽ ശക്തവും സ്വതന്ത്രവും പരമാധികാരമുള്ളതും സമൃദ്ധവുമാക്കി മാറ്റാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide