വാഷിങ്ടൺ: അമേരിക്കയിൽ 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിനായി ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിലെ പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാർ എത്തിയപ്പോൾ ശ്രദ്ധേയമായത് കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരുടെ അസാന്നിധ്യം. തിരഞ്ഞെടുപ്പ് നിരീക്ഷകരായി മറ്റ് ഫെഡറൽ ഏജൻസികളിലെ ജീവനക്കാർ എത്തിയെങ്കിലും ഐസിഇ, എഫ്ബിഐ ഉദ്യോഗസ്ഥർക്ക് ഇതിന് അനുമതി നൽകിയിട്ടില്ല.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ട് വർഷങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഏജൻസിയാണ് ഐസിഇ. മിനസോട്ട, കാലിഫോർണിയ, മെയ്ൻ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിരവധി വിവാദ കുടിയേറ്റ വിരുദ്ധ നടപടികളിൽ ഏജൻസി ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന നേട്ടമായി ഐസിഇയുടെ പ്രവർത്തനങ്ങളെ ട്രംപ് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് നിരീക്ഷകരായിപ്പോലും ഐസിഇ ഉദ്യോഗസ്ഥർ പോളിങ് കേന്ദ്രങ്ങളിൽ എത്തിയിട്ടില്ല. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ്, ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്), ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) തുടങ്ങിയ ഏജൻസികളിലെ ജീവനക്കാരാണ് നിരീക്ഷകരായി പ്രവർത്തിക്കുന്നത്. നിരീക്ഷകർക്ക് നിയമപാലന ചുമതലകളൊന്നും നിർവഹിക്കാനാകില്ലെന്നും യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 28നാണ് ഐസിഇ, എഫ്ബിഐ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിക്കുന്നത് വിലക്കിയുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനം വന്നത്. വംശീയ നീതിക്കായി പ്രവർത്തിക്കുന്ന എൻഎഎസിപി സമർപ്പിച്ച ഹർജിക്കു പിന്നാലെയായിരുന്നു നടപടി. വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ട്രംപ് ഭരണകൂടം പ്രോസിക്യൂട്ടർമാരെയും മറ്റ് നിയമപാലകരെയും തിരഞ്ഞെടുപ്പ് നിരീക്ഷകരായി ഉപയോഗിച്ചേക്കാമെന്ന ആശങ്ക സംഘടന ഹർജിയിൽ ഉന്നയിച്ചിരുന്നു.
സെപ്റ്റംബറിൽ, പോളിങ് കേന്ദ്രങ്ങളിൽ ഐസിഇ ഉദ്യോഗസ്ഥർ എത്തുന്നത് വാറന്റ് നടപ്പാക്കേണ്ട സാഹചര്യമുണ്ടായാൽ മാത്രമായിരിക്കുമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കിയിരുന്നു. പൊതുതിരഞ്ഞെടുപ്പോ പ്രത്യേക തിരഞ്ഞെടുപ്പോ നടക്കുന്ന പോളിങ് കേന്ദ്രങ്ങളിൽ സൈനികരെയോ ആയുധധാരികളെയോ വിന്യസിക്കുന്നത് ഫെഡറൽ നിയമം വിലക്കുന്നുണ്ട്.
ICE and FBI agents stay off polling places for US midterms even as other agencies continue as election monitors









