തിരഞ്ഞെടുപ്പ് ഫലത്തിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്; തന്റെ ഭരണത്തിന് കീഴിൽ സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയെന്നും അവകാശവാദം

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഫലത്തിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വോട്ടർമാർക്കുള്ള ആശങ്കകൾ തള്ളിയ ട്രംപ്, തന്റെ ഭരണത്തിന് കീഴിൽ സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടായെന്നും അവകാശപ്പെട്ടു. പതിവിൽനിന്ന് വ്യത്യസ്തമായി വൈറ്റ് ഹൗസിൽ ഇന്ന് രാവിലെ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം കുറവായിരുന്നു.

അതേസമയം, ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വിവിധ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. അഭിമുഖത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണനേട്ടങ്ങൾ ട്രംപ് ചൂണ്ടിക്കാട്ടി. ടിപ്പുകൾക്കും അധികസമയ ജോലിക്കുമുള്ള നികുതി ഒഴിവാക്കിയതും വിദേശ നിക്ഷേപത്തിലെ വർധനയും സാമ്പത്തിക പുരോഗതിയുടെ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലും ഹോർമുസ് കടലിടുക്കിലും തനിക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ ഇത്തരം അവകാശവാദങ്ങൾ അമേരിക്കൻ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിഷയം സമ്പദ്‌വ്യവസ്ഥയാണെന്ന് സർവേകൾ വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയിൽ റിപ്പബ്ലിക്കൻമാർ ഉൾപ്പെടെ നിരവധി അമേരിക്കക്കാർ ഭരണകൂടത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നതായും സർവേകൾ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റമാണ് വോട്ടർമാരുടെ പ്രധാന ആശങ്കകളിലൊന്ന്. ഇറാനുമായുള്ള യുദ്ധവും വിലവർധനയ്ക്ക് കാരണമായതായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ഇത്തരം ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നും തീർച്ചയായും അമേരിക്കയെ നാം വീണ്ടും മഹത്തരമാക്കിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ന് വൈറ്റ് ഹൗസിൽ നിരവധി പരിപാടികളാണ് ട്രംപിന്റെ ഷെഡ്യൂളിലുള്ളത്. തിരഞ്ഞെടുപ്പ് രാത്രിയോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ നടക്കുന്ന സ്വീകരണവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നിലവിൽ നിശ്ചയിച്ചിട്ടുള്ള പരിപാടികളൊന്നും മാധ്യമങ്ങൾക്ക് പ്രവേശനമുള്ളതല്ല.

Trump expresses optimism regarding election results; claims progress in the economy under his administration.

More Stories from this section

family-dental
witywide