ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിൽ ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇറാനെ യുഎസ് സൈന്യം ആക്രമിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയതായി ട്രംപ് വെളിപ്പെടുത്തിയത്. അമേരിക്കയിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് ദിവസത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
“അവർ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിച്ചു. നിർമാണം പൂർത്തിയായ ഉടൻ കഴിഞ്ഞ രാത്രി ഞങ്ങൾ അത് മികച്ച രീതിയിൽ ആക്രമിച്ചു. ചെറിയൊരു ആക്രമണം മാത്രമായിരുന്നു അത്” – ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, കൂടുതൽ ആളുകളെ കൊല്ലാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ ആവശ്യം വന്നാൽ അതിന് നിർബന്ധിതരാകുമെന്നും പറഞ്ഞു. നിലവിൽ യുഎസ് ശക്തമായ നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് വിശേഷിപ്പിച്ചു. മധ്യപൂർവദേശത്തെ രാജ്യങ്ങൾ ഇറാനെ ഭയന്നിരുന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലാകുന്നുവെന്നും ഇറാന്റെ സൈനിക നേതൃത്വം തകർക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വർഷം അവസാനത്തോടെ ഇസ്രയേലിനുള്ള 400 കോടി ഡോളറിന്റെ ധനസഹായം യുഎസ് അവസാനിപ്പിക്കുമെന്നും ട്രംപ് അഭിമുഖത്തിൽ പ്രഖ്യാപിച്ചു.
ഖേഷം ദ്വീപിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വീപിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും റിപ്പോർട്ട് ചെയ്തു. ആക്രമണം പ്രതിരോധ നടപടിയുടെ ഭാഗമായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ പരസ്യപ്പെടുത്താത്ത ആക്രമണങ്ങളുടെ തുടർച്ചയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.
ഭൂഗർഭ മിസൈൽ കേന്ദ്രം, നാവിക താവളം, പ്രധാനപ്പെട്ട കടൽജല ശുദ്ധീകരണ പ്ലാന്റ് എന്നിവ ഖേഷം ദ്വീപിലുണ്ട്. നേരത്തെയും യുഎസ് ദ്വീപിൽ ആക്രമണം നടത്തിയിട്ടുണ്ട്. ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യതയും അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരെ യുഎസും ഇസ്രയേലും വൻതോതിലുള്ള ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. മാസങ്ങളായി സംഘർഷം നിർണായകമായ മുന്നേറ്റങ്ങളില്ലാതെ തുടരുകയാണ്.
‘Hit it very nicely’: Trump says US struck Iran after reports of attack on Qeshm Island









