ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം; അവസാന സർവേകളിൽ ഗ്രെഗ് അബട്ടിനെ പിന്നിലാക്കി ജിന ഹിനോജോസ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനിടെ ടെക്സസിലെ ഗവർണർ പോരാട്ടവും കടുക്കുന്നു. അവസാനഘട്ടത്തിൽ പുറത്തുവന്ന രണ്ട് പ്രധാന അഭിപ്രായ സർവേകളിൽ നിലവിലെ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് അബട്ടിനെക്കാൾ നേരിയ മുൻതൂക്കം ഡെമോക്രാറ്റിക് സ്ഥാനാർഥി ജിന ഹിനോജോസയ്ക്ക്. 2015 മുതൽ ടെക്സസ് ഗവർണറായ അബട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭൂരിഭാഗം സമയത്തും സർവേകളിൽ മുന്നിലായിരുന്നു. എന്നാൽ അവസാന ആഴ്ചകളിൽ ഹിനോജോസയുടെ പിന്തുണ വർധിച്ചതോടെ മത്സരം പ്രവചനാതീതമായിരിക്കുകയാണ്. മറ്റു ചില സർവേകളിൽ ഇപ്പോഴും അബട്ടിനാണ് മുൻതൂക്കം.

ന്യൂയോർക്ക് ടൈംസും സിയന്ന കോളജും നടത്തിയ അവസാന സർവേയിൽ ഹിനോജോസയ്ക്ക് 48 ശതമാനം പിന്തുണ ലഭിച്ചപ്പോൾ അബട്ടിന് 47 ശതമാനമാണ് ലഭിച്ചത്. അറ്റ്‌ലസ് ഇന്റലിന്റെ സർവേയിൽ ഹിനോജോസയ്ക്ക് 49 ശതമാനവും അബട്ടിന് 48 ശതമാനവും പിന്തുണ ലഭിച്ചു. രണ്ട് സർവേകളിലും വോട്ടർമാർക്കിടയിലെ വ്യത്യാസം ഒരു ശതമാനം മാത്രമാണ്. പ്രചാരണത്തിന്റെ തുടക്കത്തിൽ അബട്ടിന് ആറ് മുതൽ ഏഴ് ശതമാനം വരെ പോയിന്റിന്റെ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ പകുതിയോടെ ഈ ലീഡ് ഏതാനും പോയിന്റുകളായി കുറഞ്ഞു. ഇതോടെ ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിനെ ഇരു സ്ഥാനാർഥികൾക്കും തുല്യസാധ്യതയുള്ള മത്സരമായാണ് റിയൽക്ലിയർപോളിങ് വിലയിരുത്തിയത്.

ഡാളസിലെ സതേൺ മെത്തഡിസ്റ്റ് സർവകലാശാലയിലെ പ്രൊഫസർ കാൽവിൻ ജിൽസൺ പറയുന്നത്, നിലവിലെ രാഷ്ട്രീയ സാഹചര്യം റിപ്പബ്ലിക്കൻമാർക്ക് അനുകൂലമല്ലെന്നാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഇത്ര കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് അബട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2026ന്റെ തുടക്കത്തിൽ അബട്ടിന്റെ പ്രചാരണ ഫണ്ടിൽ 10.5 കോടി ഡോളറുണ്ടായിരുന്നപ്പോൾ ഹിനോജോസയുടെ പക്കൽ 30 ലക്ഷം മുതൽ 40 ലക്ഷം ഡോളർ വരെ മാത്രമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുമായും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടവുമായുമുള്ള അബട്ടിന്റെ അടുപ്പം ചില വോട്ടർമാരുടെ അതൃപ്തിക്ക് കാരണമായേക്കാമെന്നും ജിൽസൺ വിലയിരുത്തി.

ടെക്സസിൽ പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് ഗവർണർ അധികാരത്തിലെത്തിയിട്ടില്ല. 1990ൽ വിജയിച്ച ആൻ റിച്ചാർഡ്സാണ് അവസാനമായി ഈ പദവി വഹിച്ച ഡെമോക്രാറ്റ്. ഇതുവരെ സംസ്ഥാനതല തിരഞ്ഞെടുപ്പുകളിലൊന്നും പരാജയപ്പെട്ടിട്ടില്ലാത്ത അബട്ട്, 2022ൽ ബെറ്റോ ഒറൂർക്കിനെ 10.9 ശതമാനം പോയിന്റിനാണ് തോൽപ്പിച്ചത്. ഇത്തവണത്തെ സർവേകളിൽ ലീഡ് ഗണ്യമായി കുറഞ്ഞത് അബട്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ട്രംപിന്റെ ശക്തമായ പിന്തുണക്കാരനായ അബട്ട് ടെക്സസിൽ കർശന അതിർത്തി സുരക്ഷാ നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ ചില വിഭാഗം വോട്ടർമാരുടെ പിന്തുണ ഹിനോജോസയ്ക്ക് ലഭിക്കുന്നതായാണ് അവസാന സർവേകൾ വ്യക്തമാക്കുന്നത്.

Texas governor race tightens as Democrat Gina Hinojosa leads Greg Abbott in final polls

More Stories from this section

family-dental
witywide