അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ഭക്ഷണവിതരണത്തിനായി പോയ അമ്മയുടെ കാർ രണ്ടുവയസുകാരിയുമായി മോഷ്ടിച്ച സംഭവത്തിൽ 21-കാരൻ അറസ്റ്റിൽ. അതിവേഗ പൊലീസ് ഇടപെടലിലൂടെ കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി. ഇൻസ്റ്റാകാർട്ട് ഡെലിവറി പൂർത്തിയാക്കുന്നതിനായി വാഹനം നിർത്തിയ അമ്മ, കാർ എൻജിൻ ഓഫ് ചെയ്യാതെ പുറത്തുപോയ സമയത്താണ് സംഭവം. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന രണ്ടുവയസുകാരിയെയും കൂട്ടിയാണ് പ്രതി വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് അമ്മ ഉടൻ തന്നെ 911 അടിയന്തര സേവനത്തെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ 21 വയസുകാരനായ സലീം മാർട്ടിൻ എന്നയാളെ അറ്റ്‌ലാന്റ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, വാഹനമോഷണം, കുട്ടിയോട് ക്രൂരത, വാഹനത്തിൽ അതിക്രമിച്ച് പ്രവേശിക്കൽ, ആക്രമണശ്രമം, ഗുരുതര കുറ്റകൃത്യത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നഗരത്തിലെ ലൈസൻസ് പ്ലേറ്റ് റീഡർ സംവിധാനത്തിന്റെ സഹായത്തോടെ പൊലീസ് 15 മിനിറ്റിനുള്ളിൽ മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തുകയായിരുന്നു.
പുറത്തുവിട്ട ബോഡി ക്യാമറ ദൃശ്യങ്ങളിൽ, വാഹനം വളഞ്ഞ പൊലീസ് പ്രതിയോട് കൈകൾ ഉയർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതും കാണാം. രക്ഷാപ്രവർത്തനത്തിനിടെ ഭയന്ന കുട്ടി കരയുന്നതും പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമായി മാതാപിതാക്കൾക്കൊപ്പം തിരിച്ചെത്തിച്ചെന്നും അറ്റ്‌ലാന്റ പൊലീസ് അറിയിച്ചു.
Car stolen while delivering food in the US; two-year-old girl inside rescued within 15 minutes.










