
ടെഹ്റാൻ: ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും അതിന്റെ പ്രമുഖ വിഭാഗമായ ഖുദ്സ് ഫോഴ്‌സിന്റെയും സാമ്പത്തിക ശൃംഖലകൾ തകർക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 1.5 കോടി ഡോളർ (ഏകദേശം 125 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പ്രതിഫലം പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതിക്ക് കീഴിലാണ് ഈ വൻതുക ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ നിയമവിരുദ്ധ എണ്ണ വിൽപ്പനയിലൂടെയുള്ള പണമിടപാടുകൾ, വ്യാജ കമ്പനികൾ, ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ശൃംഖലകൾ, സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകുന്ന ബാങ്കുകൾ, എക്സ്ചേഞ്ചുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് യു.എസ് പ്രധാനമായും തേടുന്നത്. കൂടാതെ, ഐ.ആർ.ജി.സിക്ക് ഉടമസ്ഥതയോ നിയന്ത്രണമോ ഉള്ള ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും വൻകിട നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നവർക്കും ഈ ഇനാം ലഭിക്കും.
ഹമാസ്, ഹിസ്ബുള്ള, ഇറാഖിലെ പ്രോക്സി മിലിഷ്യകൾ തുടങ്ങി തങ്ങളുടെ കീഴിലുള്ള ഭീകര ഗ്രൂപ്പുകളിലേക്ക് പണവും ആയുധങ്ങളും ഐ.ആർ.ജി.സി എങ്ങനെ എത്തിക്കുന്നുവെന്ന നിർണ്ണായക വിവര ശേഖരണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഖുദ്സ് ഫോഴ്‌സാണ് മേഖലയിൽ ഇറാന്റെ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് അമേരിക്കൻ വിലയിരുത്തൽ.
2019 ഏപ്രിലിൽ ഐ.ആർ.ജി.സിയെ വിദേശ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ബഹ്‌റൈൻ, ബോസ്‌നിയ, ബൾഗേറിയ, ജർമ്മനി, കെനിയ, തുർക്കി, യു.എസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾക്കും ഗൂഢാലോചനകൾക്കും ഇറാന്റെ ഈ അത്യാധുനിക സൈനിക വിഭാഗം നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആരോപിക്കുന്നത്.











