അഞ്ചര പതിറ്റാണ്ടിലെ സേവനത്തിന് വിരാമം, വാറൻ ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേ ചെയർമാൻ പദവി ഒഴിഞ്ഞു; മകൻ ഹൊവാർഡ് പുതിയ അധ്യക്ഷൻ

അഞ്ചര പതിറ്റാണ്ടിലേറെക്കാലം ആഗോള സാമ്പത്തിക രംഗത്തെയും നിക്ഷേപ ലോകത്തെയും വിസ്മയിപ്പിച്ച ‘ഒമാഹയിലെ മാന്ത്രികൻ’ വാറൻ ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേയുടെ ചെയർമാൻ പദവി ഒഴിഞ്ഞു. 96-ാം വയസ്സിലാണ് 56 വർഷം നീണ്ട സേവനത്തിന് ശേഷം അദ്ദേഹം പദവിയിൽ നിന്ന് പടികളിറങ്ങുന്നത്. എങ്കിലും കമ്പനിയുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിക്കാതെ ‘ചെയർമാൻ എമരിറ്റസ്’ പദവിയും ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനവും അദ്ദേഹം തുടർന്നും വഹിക്കും.

ബഫറ്റിന് പകരം 1993 മുതൽ കമ്പനിയുടെ ബോർഡ് അംഗമായ മകൻ ഹൊവാർഡ് ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും. ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ സി.ഇ.ഓ. പദവിയിൽ നിന്നും വാറൻ ബഫറ്റ് ഒഴിഞ്ഞിരുന്നു. തുടർന്ന് പ്രമുഖ വ്യവസായി ഗ്രെഗ് ആബെൽ സി.ഇ.ഓ. ആയി സ്ഥാനം ഏറ്റെടുത്തിരുന്നു. കമ്പനി ഓഹരി ഉടമകൾക്കായി എഴുതിയ വൈകാരികമായ കത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കിയത്.

1965 മുതൽ താൻ ബെർക്‌ഷെയറിനെ നയിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച ജോലിയാണ് താൻ ഇത്രയും കാലം ചെയ്തതെന്നും ബഫറ്റ് കത്തിൽ ഓർത്തെടുത്തു. ഗ്രെഗ് കമ്പനിയുടെ ഭരണപരമായ കാര്യങ്ങൾ നോക്കിനടത്തുമ്പോൾ, ഹൊവാർഡ് കമ്പനിയുടെ മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരു സാധാരണ ടെക്സ്റ്റൈൽ കമ്പനിയായി തുടങ്ങി ഇന്ന് ട്രില്യൺ ഡോളർ മൂല്യമുള്ള വൻകിട നിക്ഷേപ സാമ്രാജ്യമായി ബെർക്‌ഷെയർ ഹാത്തവേയെ വളർത്തിയെടുത്തത് ബഫറ്റിന്റെ ദീർഘവീക്ഷണമാണ്.

കൊക്കകോള, ബാങ്ക് ഓഫ് അമേരിക്ക, ഗെയ്കോ തുടങ്ങിയ മുൻനിര കമ്പനികളിൽ വലിയ നിക്ഷേപമുള്ള സ്ഥാപനമാണ് ബെർക്‌ഷെയർ. ബഫറ്റിന്റെ നേതൃത്വത്തിൽ എസ് ആൻഡ് പി 500 ഇൻഡക്സിനേക്കാൾ ഇരട്ടി വാർഷിക വളർച്ചയാണ് കമ്പനി നേടിയത്. ലോകത്തിലെ പ്രമുഖ ശതകോടീശ്വരന്മാരിൽ ഒരാളായ അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. 2006 മുതൽ ഇതുവരെ 66 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അദ്ദേഹം വിവിധ ജീവകാരുണ്യ ട്രസ്റ്റുകൾക്ക് സംഭാവനയായി നൽകിയത്.

Warren Buffett Steps Down as Berkshire Hathaway Chairman After 56 Years; Son Howard Buffett to Succeed

More Stories from this section

family-dental
witywide