
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് വിസ വ്യവസ്ഥകൾ ലംഘിക്കുകയും ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്ത ഒന്നേമുക്കാൽ ലക്ഷത്തിലധികം (1,75,000) വിദേശ പൗരന്മാരുടെ വിസകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് റദ്ദാക്കി. തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് യു.എസ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യവസ്ഥകൾ ലംഘിക്കുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, അമേരിക്കൻ പൗരന്മാർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുക, സാമ്പത്തിക തട്ടിപ്പ് നടത്തുക, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുക എന്നിവയാണ് വിസ റദ്ദാക്കാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ആക്രമണം, മദ്യപിച്ചു വാഹനമോടിക്കൽ (DUI), മോഷണം, മയക്കുമരുന്ന് കേസുകൾ എന്നിവയിലാണ് ഭൂരിഭാഗം പേരും നിയമപാലകരുടെ പിടിയിലായത്. കൂടാതെ അശ്രദ്ധമായി വാഹനമോടിക്കൽ, ലൈംഗിക അതിക്രമം, കുട്ടികളെ പീഡിപ്പിക്കൽ, ഫണ്ട് തട്ടിപ്പ് എന്നിവയും വിസ റദ്ദാക്കലിലേക്ക് നയിച്ചു.
അമേരിക്കൻ പൗരത്വം നേടിയവരെ പൗരത്വത്തിൽ നിന്ന് നീക്കുന്ന ‘ഡീനാച്ചുറലൈസേഷനിൽ’ നിന്നും വ്യത്യസ്തമായി, വിദേശികളുടെ നിയമപരമായ വിസ പദവി റദ്ദാക്കി അവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കുന്ന നടപടിയാണ് വിസ റദ്ദാക്കൽ. വിദേശനയങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്വീകരിക്കുന്നത്. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ബന്ധമുള്ളവർ, ഇറാൻ ഭരണകൂട അനുയായികൾ, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികൾ, വ്യാജ കമ്പനികൾ കാണിച്ച് വിസ തട്ടിയെടുത്തവർ, പ്രസവ ആവശ്യത്തിനായി മാത്രം വിസ ദുരുപയോഗം ചെയ്ത് അമേരിക്കയിലെത്തിയ നൂറിലധികം ഉത്തരാഫ്രിക്കൻ സ്വദേശികൾ എന്നിവരുടെ വിസകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
“യു.എസ് വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രമാണ്. അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കണ്ടെത്താൻ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിക്കും,” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കനത്ത തിരിച്ചടി
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാർക്കും ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നയങ്ങൾ കനത്ത തിരിച്ചടിയാകും. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള (F-1 വിസ) നിലവിലെ ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ സമ്പ്രദായം നിർത്തലാക്കി, തങ്ങൽ കാലയളവ് പരമാവധി നാല് വർഷമായി നിശ്ചിതപ്പെടുത്താൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഒരുങ്ങുകയാണ്. പഠനശേഷമുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറയ്ക്കും.
കൂടാതെ, കോഴ്സുകളോ പഠനമേഖലകളോ മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങൾ വരും. ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി ജീവനക്കാർക്ക് രാജ്യം വിടാൻ നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് പൂർണ്ണമായി നിർത്തലാക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്. യു.എസിലെ വിദേശ വിദ്യാർത്ഥികളിലും ഐ.ടി ജീവനക്കാരിലും ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ, ഈ നീക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കും.
Trump’s new policy casts a shadow over the American dream; One and a quarter lakh visas cancelled; Indians worried















