‘ഉപരോധങ്ങളോട് അമേരിക്കയ്ക്ക് അടക്കാനാകാത്ത ആസക്തി’: ട്രംപ് ഭരണകൂടത്തെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: സാമ്പത്തിക ഉപരോധങ്ങളെ അമേരിക്ക അമിതമായി ആശ്രയിക്കുന്നതിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇറാൻ. ടെഹ്‌റാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള വാഷിംഗ്ടണിൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ഒരു ആസൂത്രിത തന്ത്രമല്ലെന്നും, മറിച്ച് അതൊരു “ആസക്തി” മാത്രമാണെന്നും ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഈ പിടിവാശി ഒടുവിൽ പ്രതിസന്ധി പരിഹരിക്കാനുള്ള അവരുടെ സ്വന്തം വഴികൾ തന്നെ അടയ്ക്കുമെന്നും ഇറാൻ കൂട്ടിച്ചേർത്തു.

അമേരിക്കൻ ഉപരോധങ്ങൾ ഇറാനെ പൂർണ്ണമായും ശ്വാസം മുട്ടിക്കുകയാണെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റിൻ്റെ അവകാശവാദത്തിന് മറുപടിയായാണ് ഇറാൻ്റെ പ്രതികരണം. നയതന്ത്രത്തിലൂടെ ലക്ഷ്യങ്ങൾ നേടാൻ പരാജയപ്പെടുമ്പോഴെല്ലാം വാഷിംഗ്ടൺ സാമ്പത്തിക സമ്മർദ്ദങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ എക്സിലൂടെ കുറ്റപ്പെടുത്തി.

“നയതന്ത്രം മുന്നോട്ട് കൊണ്ടുപോകാൻ വാഷിംഗ്ടണിന് കഴിയാതെ വരുമ്പോഴെല്ലാം അവർ ഉപരോധങ്ങളിലേക്ക് പിൻവാങ്ങുന്നു; ആ ഉപരോധങ്ങൾ ഫലം കാണാതെ വരുമ്പോൾ അവർ അതിൻ്റെ അളവ് കൂട്ടുന്നു. ഇത് ഇനി ഒരു ‘നയമല്ല’—ഒരു ‘ചീത്ത ശീലമാണ്’. അതിലുമുപരി ചിന്താശേഷിയെപ്പോലും ഇല്ലാതാക്കിയ ഒരു വലിയ ആസക്തിയാണ്,” ബഖാഇ വ്യക്തമാക്കി.

ഇറാൻ ഭരണകൂടം ഡിജിറ്റൽ ആസ്തികളെയും (ക്രിപ്റ്റോകറൻസി) ഷാഡോ ബാങ്കിംഗ് ശൃംഖലകളെയും ആശ്രയിക്കുന്നത് യുഎസിൻ്റെ ‘ഇക്കണോമിക് ഫ്യൂരി’ (സാമ്പത്തിക രോഷം) ഫലപ്രദമാണെന്നതിൻ്റെ തെളിവാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഡോളറിലോ റിയാലിലോ ക്രിപ്റ്റോയിലോ ആകട്ടെ, ഇറാനെ നിലനിർത്തുന്ന നിയമവിരുദ്ധ സാമ്പത്തിക ശൃംഖലകളെ അമേരിക്ക വേട്ടയാടി ഇല്ലാതാക്കുമെന്നും ബെസൻ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം പഴഞ്ചൻ ശൈലികൾ കൊണ്ട് തങ്ങളെ തളർത്താൻ കഴിയില്ലെന്നും, തങ്ങൾ തന്നെ ഉണ്ടാക്കിവെച്ച പ്രതിസന്ധിയിൽ നിന്ന് നാണക്കേടില്ലാതെ പുറത്തുകടക്കാനുള്ള അവസരമാണ് അമേരിക്ക നഷ്ടപ്പെടുത്തുന്നതെന്നും ഇറാൻ തിരിച്ചടിച്ചു.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതും സാമ്പത്തിക ഉപരോധങ്ങളുമാണ് നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം. തുറമുഖങ്ങൾക്കെതിരെയുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കണമെന്നും, മരവിപ്പിച്ച ഇറാൻ്റെ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെടുമ്പോൾ, ഇറാൻ അനുകൂല സംഘടനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാർക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

‘America’s uncontrollable addiction to sanctions’: Iran mocks Trump administration

More Stories from this section

family-dental
witywide