
തിരുവനന്തപുരത്തെ ചേന്തിയിൽ കോൺഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് വി.ഡി. സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്.
സംഭവത്തിൽ ശ്രീകാര്യം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.സി.സി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കിയാണ് കേസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചേന്തിയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തിൽ നിന്ന് പിന്മാറിയത്. കൊച്ചിയിലേക്കുള്ള ട്രെയിൻ സമയത്തിന്റെ തിരക്കുമൂലമാണ് പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചേന്തിയിൽ വാഹനം തടഞ്ഞതോടെ പുറത്തിറങ്ങി സംഘാടകരോട് സംസാരിച്ച ശേഷമാണ് വി.ഡി. സതീശൻ യാത്ര തുടർന്നത്.
Case Registered After Kerala CM VD Satheesan’s Vehicle Blocked at Chenthi; Congress Leader Chenthi Anil Booked












