വിഡി സതീശനെതിരെ അടൂർ പ്രകാശ്; കെ സുധാകരനെ പുകച്ചു പുറത്തു ചാടിച്ചപോലെ തനിക്കെതിരേയും നീക്കം, മുഖ്യമന്ത്രിക്ക് താല്പര്യമില്ലാതെയാണോ കൺവീനർ ആക്കിയതെന്നും സംശയം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ പുകയുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെയായ നിലപാടിലുറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല. സർക്കാരിന്റെ പല തീരുമാനങ്ങളും താൻ അറിഞ്ഞിട്ടില്ല. വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി താൻ ഒന്നും ചെയ്തിട്ടില്ല. കെ സുധാകരനെ പുകച്ച് പുറത്തു ചാടിച്ചതിനു പിന്നിൽ ഉപചാപക സംഘമെന്നും തെറ്റ് കണ്ടാൽ മുഖം നോക്കാതെ മറുപടി പറയുന്ന ആളാണ് താനെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യം വെച്ച് അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

മുഖ്യമന്ത്രിക്ക് താല്പര്യമില്ലാതെയാണോ തന്നെ യുഡിഎഫ് കൺവീനർ ആക്കിയതെന്ന സംശയം ഉണ്ട്. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇന്ന ആവശ്യത്തിനായി ഇന്ന ആളിനൊപ്പം പോയതാണ് എന്ന പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണമെന്നും അടൂർ പ്രകാശ് വിമർശിച്ചു.ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധിയെയും ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനെയും നിയമിച്ച ക്യാബിനറ്റ് തീരുമാനം എടുത്ത ദിവസം ഒരേ വേദിയില്‍ ഒരുമിച്ച് ഉണ്ടായിട്ടും വി ഡി സതീശന്‍ ആ വിവരം പറഞ്ഞില്ല. പിറ്റേന്ന് പത്രവാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സത്യം പറഞ്ഞത്.

ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനവും യു ഡി എഫ് കണ്‍വീനര്‍ അറിയണമെന്നില്ല. പക്ഷെ എന്തൊക്കെ കാര്യങ്ങള്‍ അറിയിക്കണം എന്തൊക്കെ അറിയിച്ച് കൂട എന്നത് സംബന്ധിച്ച് ഒരു സാമാന്യബോധം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ചതിന് ശേഷവും നാളിതുവരെ യു ഡി എഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാണ് ചെയര്‍മാന്‍ എന്ന നിലയില്‍ സാധാരണഗതിയില്‍ യോഗം വിളിക്കാറുള്ളതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.

Adoor Prakash speaks out against V.D. Satheesan; alleges a move against him similar to the one that ousted K. Sudhakaran, and questions whether his appointment as convener was made without the Chief Minister’s approval.

More Stories from this section

family-dental
witywide