
വാഷിംഗ്ടൺ: ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള വിപുലമായ കരാറിൽ ബുധനാഴ്ചയ്ക്കകം എത്തിയില്ലെങ്കിൽ നിലവിലെ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും സൈനിക നീക്കങ്ങൾ ശക്തമാകാനുള്ള സാധ്യത തെളിഞ്ഞു. അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.
“ചിലപ്പോൾ ഞാൻ അത് നീട്ടില്ല, പക്ഷേ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരും. ഉപരോധം തുടരുമ്പോൾ നിർഭാഗ്യവശാൽ നമുക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിലാണ് ഈ പരാമർശം. പാകിസ്ഥാനിൽ വെച്ച് നടന്ന പരോക്ഷ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഉപരോധങ്ങളിൽ നിന്നുള്ള ഇളവ്, ആണവ ഉടമ്പടികൾ, സമുദ്ര സുരക്ഷ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.
ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. കടലിടുക്ക് സുരക്ഷിതമാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, തങ്ങൾക്കെതിരെയുള്ള സമ്മർദ്ദം തുടർന്നാൽ ഗതാഗതം തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ പകുതി മുതൽ ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറാനിൽ നിന്നുള്ള കപ്പലുകളെ തടയുന്ന ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഇറാൻ്റെ ഭാഗം. ഉപരോധം തുടർന്നാൽ അത് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ നേരിട്ട് ബാധിക്കുമെന്ന് ഇറാനിയൻ നേതാക്കൾ വ്യക്തമാക്കി. ഇത് ആഗോള എണ്ണവിപണിയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ബുധനാഴ്ചത്തെ സമയപരിധി അടുത്തിരിക്കെ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമോ അതോ വെടിനിർത്തൽ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.
Ceasefire with Iran may end on Wednesday; Trump warns of more bombing















