വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം; ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പിനും സാധ്യത

ന്യൂഡൽഹി: കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗം. ഉപയോഗശേഷം വാട്‌സ്ആപ്പ് വെബ് നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് നിർദ്ദേശിച്ചു. വെറുതെ ബ്രൗസർ ടാബ് ക്ലോസ് ചെയ്തതുകൊണ്ട് മാത്രം അക്കൗണ്ട് ലോഗ് ഔട്ട് ആകില്ലെന്നും പിന്നീട് ഇതേ സിസ്റ്റം ഉപയോഗിക്കുന്നവർക്കോ തട്ടിപ്പുകാർക്കോ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇതിലൂടെ സ്വകാര്യ ചാറ്റുകളും കോൺടാക്റ്റ് വിവരങ്ങളും ചോർത്താനും ഉപയോക്താവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്.

ഓഫീസ് കമ്പ്യൂട്ടറുകൾ, നെറ്റ് കഫേകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അത്യവശ്യഘട്ടങ്ങളിൽ ഇത്തരം സിസ്റ്റങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസറിലെ ഇൻകോഗ്നിറ്റോ മോഡ് തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം. കൂടാതെ, ബാങ്ക് വിവരങ്ങളോ ഔദ്യോഗിക രേഖകളോ പോലുള്ള രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ വാട്‌സ്ആപ്പ് വെബ് വഴി കൈമാറുന്നതും ഒഴിവാക്കണം.

അക്കൗണ്ടിൽ എന്തെങ്കിലും അസ്വാഭാവിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൊബൈലിലെ വാട്‌സ്ആപ്പ് ആപ്പിൽ ‘ലിങ്ക്ഡ് ഡിവൈസസ്’ പരിശോധിക്കുകയും സംശയാസ്പദമായ ഡിവൈസുകൾ നീക്കം ചെയ്യുകയും വേണം. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി നൽകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Centre Issues Urgent Security Alert for WhatsApp Web Users; Warns Failing to Log Out Could Lead to Data Theft and Financial Fraud

More Stories from this section

family-dental
witywide