
ഡൽഹി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇർഫാന്റെ കേസിലെ അപ്പീലിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2002 ഫെബ്രുവരി 27-ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച സംഭവത്തിലാണ് കേസ്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ചിരുന്ന കോച്ചിനുണ്ടായ തീപിടുത്തത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേരാണ് വെന്തുമരിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
കേസിൽ പ്രത്യേക എസ്.ഐ.ടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിക്കുകയും 63 പേരെ വെറുതെവിടുകയും ചെയ്തിരുന്നു. 2017-ൽ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും നൽകിയ അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്, ആരോഗ്യസ്ഥിതിയും ദീർഘകാലത്തെ ജയിൽവാസവും പരിഗണിച്ച് ഇർഫാൻ പാഡയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
Supreme Court Suspends Sentence of Godhra Train Burning Case Convict Irfan Siraj Pada; Grants Bail on Medical Grounds After 17 Years in Jail















