50 ലക്ഷം ഗുലാബ് ജാമുൻ, കുതിരപ്പന്തയത്തിൽ ഥാർ സമ്മാനം; ബിഹാർ എംഎൽഎയുടെ മകളുടെ വിവാഹത്തിന് വമ്പൻ ഒരുക്കങ്ങൾ

പട്‌ന: ആഡംബരത്തിന്റെ കാര്യത്തിൽ ആരെയും പിന്നിലാക്കാത്ത വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങളുമായി ബിഹാർ എംഎൽഎ അനന്ത് സിങ്. മകൾ ശിവാംഗിയുടെ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മധുരപലഹാരങ്ങളും വൻ ഭക്ഷണശാലകളും കുതിരപ്പന്തയവുമുൾപ്പെടെയുള്ള വിപുലമായ ആഘോഷങ്ങളാണ്.

കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകൻ ഋഷികേഷ് കുമാറുമായുള്ള ശിവാംഗിയുടെ വിവാഹം നവംബർ 25നാണ്. അതിഥികൾക്കായി നൂറടിയിലേറെ നീളമുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം ഗുലാബ് ജാമുനുകൾ തയ്യാറാക്കുന്നതിനായി ടാങ്കറുകളിലാണ് പാൽ എത്തിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായി 12 പ്രത്യേക പന്തലുകളും സജ്ജീകരിച്ചിട്ടുണ്ട്.

വിവാഹാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രത്യേക ഇനം കുതിരകളെ പങ്കെടുപ്പിച്ച് കുതിരപ്പന്തയവും സംഘടിപ്പിക്കുന്നുണ്ട്. ഓട്ടത്തിനിടെ ഒരേസമയം രണ്ട് കാലുകൾ ഉയർത്തിയുള്ള പ്രത്യേക നടത്തമാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഥാർ എസ്‌യുവിയാണ് സമ്മാനമായി നൽകുന്നത്.

മഴയിൽ പന്തയമൈതാനം ചെളി നിറഞ്ഞെങ്കിലും നിലം നിരപ്പാക്കി മത്സരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദേശീയപാതയ്ക്ക് സമീപം എത്തുന്ന വിശിഷ്ടാതിഥികൾക്കായി ഹെലിപാഡും നിർമിച്ചിട്ടുണ്ട്.

മകളുടെ വിവാഹം വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്ന് അനന്ത് സിങ് പറഞ്ഞു. വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുശീൽ സിങ്ങും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. അനന്ത് സിങ്ങിനെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും മകളുടെ വിവാഹത്തിന് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide