കടലിൽ അപ്രത്യക്ഷമായി ചാർട്ടർ ബോട്ട്; ആറുപേരും മരിച്ചതായി നിഗമനം; തിരച്ചിൽ അവസാനിപ്പിച്ചു

വാൻകൂവർ: കാനഡയിലെ വാൻകൂവർ തീരത്തിന് സമീപം ചാർട്ടർ ബോട്ട് മുങ്ങി കാണാതായ ആറ് പേർക്കായുള്ള തിരച്ചിൽ കനേഡിയൻ അധികൃതർ അവസാനിപ്പിച്ചു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ കാണാതായ ആറുപേരും മുങ്ങിമരിച്ചതായാണ് ഔദ്യോഗിക നിഗമനം. ഉപരിതലത്തിൽ ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് റെസ്ക്യൂ മിഷൻ അധികൃതർ തിരച്ചിൽ നിർത്തിയത്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11:45 ഓടെയാണ് അപകടവിവരം പുറത്തറിയുന്നത്. വാൻകൂവർ തീരത്തുനിന്ന് പത്ത് മൈൽ അകലെ റോബർട്ട്സ് ബാങ്ക് പ്രദേശത്തുവെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ചരിത്രപ്രസിദ്ധമായ സ്റ്റീവ്സ്റ്റൺ മത്സ്യബന്ധന ഗ്രാമത്തിൽ നിന്നും പുറപ്പെട്ട വാണിജ്യ ചാർട്ടർ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ വെള്ളം കയറുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ്, റോയൽ കാനേഡിയൻ മൗണ്ടഡ് പൊലീസ്, ഹെലികോപ്റ്ററുകൾ, യാത്രാ ഫെറികൾ എന്നിവ കേന്ദ്രീകരിച്ച് വൻ തിരച്ചിൽ നടത്തിയിരുന്നു.

അപകടത്തിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് പേരെ പ്രദേശത്തുണ്ടായിരുന്ന ഒരു യാത്രാക്കപ്പലിലെ ദമ്പതിമാരാണ് വെള്ളത്തിൽ നിന്നും രക്ഷിച്ചത്. നാലാമനെ ഔദ്യോഗിക രക്ഷാപ്രവർത്തകരും കണ്ടെത്തി. രക്ഷപ്പെടുത്തിയവരിൽ ഒരാളും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദമ്പതിമാർ പറഞ്ഞു. രക്ഷപ്പെട്ടവരിൽ രണ്ട് പേർ ആശുപത്രി വിട്ടതായും മറ്റ് രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടസ്ഥലത്ത് ബോട്ടിന്റെ അവശിഷ്ടങ്ങളോ മറ്റ് സൂചനകളോ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ബോട്ട് വളരെ ആഴമേറിയ ഭാഗത്താണ് മുങ്ങിക്കിടക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. വരും ദിവസങ്ങളിൽ സോണാർ സാങ്കേതികവിദ്യയും അണ്ടർവാട്ടർ ഡ്രോണുകളും ഉപയോഗിച്ച് ബോട്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Charter boat disappears at sea; all six presumed dead; search called off

More Stories from this section

family-dental
witywide