
വാഷിംഗ്ടൺ: അമേരിക്കയിലെ സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ തലവന്മാരെ തന്നിഷ്ടപ്രകാരം പിരിച്ചുവിടാൻ പ്രസിഡൻ്റിന് പൂർണ്ണ അധികാരം നൽകിക്കൊണ്ട് യു.എസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. രാഷ്ട്രീയ സ്വാധീനമില്ലാത്ത ഭരണനിർവ്വഹണം ഉറപ്പാക്കാൻ പ്രസിഡൻ്റിൻ്റെ അധികാരം പരിമിതപ്പെടുത്തിയിരുന്ന 91 വർഷം പഴക്കമുള്ള ‘ഹംഫ്രീസ് എക്സിക്യൂട്ടർ’ എന്ന ചരിത്രപരമായ നിയമ കീഴ്‌വഴക്കമാണ് കോടതി റദ്ദാക്കിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര വികേന്ദ്രീകരണത്തിന് വിരുദ്ധമാണ് ഏജൻസി തലവന്മാർക്കുള്ള സംരക്ഷണമെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. ഒൻപതംഗ കോടതിയിൽ ആറ് കൺസർവേറ്റീവ് ജഡ്ജിമാരും വിധിയെ അനുകൂലിച്ചപ്പോൾ മൂന്ന് ലിബറൽ ജഡ്ജിമാർ ശക്തമായി വിയോജിച്ചു.
മുൻ ഫെഡറൽ ട്രേഡ് കമ്മീഷൻ അംഗം റെബേക്ക സ്ലോട്ടറെ കാരണം കൂടാതെ ട്രംപ് പുറത്താക്കിയ കേസിനെ തുടർന്നാണ് ഈ വിധി. നാഷണൽ ലേബർ റിലേഷൻസ് ബോർഡ്, ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ തുടങ്ങിയ നിർണ്ണായക ഏജൻസികളിലെ തലവന്മാരെ മാറ്റാനും ഇനി പ്രസിഡൻ്റിന് തടസ്സമുണ്ടാകില്ല. ചരിത്രപരമായ ഈ വിധിയെ ‘അഭൂതപൂർവ്വം’ എന്ന് വിശേഷിപ്പിച്ച ഡോണൾഡ് ട്രംപ്, ട്രൂത്ത് സോഷ്യലിലൂടെ തൻ്റെ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ഈ വിധി ജനാധിപത്യ വിരുദ്ധമാണെന്നും പ്രസിഡൻ്റിന് അനിയന്ത്രിതമായ അധികാരം നൽകുമെന്നും ലിബറൽ ജസ്റ്റിസ് സോണിയ സൊട്ടോമയർ വിയോജനക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
ഫെഡറൽ റിസർവിൽ ട്രംപിന് നിയന്ത്രണം
പ്രസിഡൻ്റിൻ്റെ അധികാരം വൻതോതിൽ വർദ്ധിപ്പിച്ചെങ്കിലും, രാജ്യത്തെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ (ഫെഡ്) ഈ വിധിയിൽ നിന്നും കോടതി ഒഴിവാക്കി. ഫെഡറൽ റിസർവ് ഗവർണറായ ലിസ കുക്കിനെ അടിയന്തിരമായി പുറത്താക്കാനുള്ള ട്രംപിൻ്റെ നീക്കം 5-4 ഭൂരിപക്ഷത്തിൽ സുപ്രീം കോടതി തടഞ്ഞു. ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത, ഫെഡറൽ റിസർവിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ വനിതയാണ് ലിസ കുക്ക്. അവർക്കെതിരെയുള്ള ഭവന വായ്പ തട്ടിപ്പ് ആരോപണം കോടതി നിലവിൽ തള്ളി.
ലിസ കുക്കിനെ പുറത്താക്കാൻ അനുവദിച്ചാൽ കേന്ദ്ര ബാങ്കിൻ്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും അത് വെറുമൊരു താൽക്കാലിക ജോലി മാത്രമായി മാറുമെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് നിരീക്ഷിച്ചു. പലിശ നിരക്കുകൾ കുറയ്ക്കാൻ ട്രംപ് നൽകിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാലാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ മാറ്റാൻ ശ്രമിക്കുന്നതെന്ന് ലിസ കുക്ക് പ്രതികരിച്ചു. ഫെഡറൽ റിസർവ് ചെയർമാനായിരുന്ന ജെറോം പവലിനെ നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പവലിന് പകരം കെവിൻ വാർഷിനെ പുതിയ ചെയർമാനായി നിയമിച്ചെങ്കിലും, പവൽ ബോർഡ് അംഗമായി തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ റിസർവും ട്രംപും തമ്മിലുള്ള തർക്കം വാൾസ്ട്രീറ്റ് നിക്ഷേപകരും സാമ്പത്തിക ലോകവും അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
Trump has complete freedom to fire agency heads in America; Supreme Court bars him from touching Lisa Cook














