
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ഒരുങ്ങുകയായിരുന്ന ജെറ്റ് ബ്ലൂ എയർവേയ്‌സ് വിമാനത്തിൽ ഡ്രോൺ ഇടിച്ചതായി പൈലറ്റിൻ്റെ റിപ്പോർട്ട്.
പ്രാദേശിക സമയം രാവിലെ 07:15 ഓടെ, ഏകദേശം 3,000 അടി (900 മീറ്റർ) ഉയരത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കിയതായും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ലാൻഡിങ്ങിന് ശേഷം വിമാനം വിശദമായ പരിശോധനയ്ക്കായി സർവീസിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ വിമാനത്തിന് യാതൊരുവിധ കേടുപാടുകളോ കൂട്ടിയിടിയുടെ ലക്ഷണങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് ജെറ്റ് ബ്ലൂ എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ (എഫ്.എ.എ) അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
“വിമാനം തിരിയുന്നതിനിടയിൽ കോക്ക്പിറ്റിന് തൊട്ടുമുകളിലായാണ് ഡ്രോൺ വന്നിടിച്ചത്” എന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
സമീപകാലത്തായി വാണിജ്യ വിമാനങ്ങൾക്ക് നേരെ ഡ്രോൺ ഭീഷണികൾ ഉയരുന്നത് വർദ്ധിച്ചുവരികയാണ്. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ന്യൂജേഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിന് സമീപവും യുണൈറ്റഡ് എയർലൈൻസ് വിമാനം സമാനമായ രീതിയിൽ ഡ്രോണുമായി കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിമാനത്താവളങ്ങൾക്ക് സമീപം ഡ്രോൺ പറത്തുന്നതിന് കർശനമായ നിരോധനമുണ്ടെങ്കിലും, ഓരോ മാസവും നൂറിലധികം അനധികൃത ഡ്രോൺ സാന്നിധ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് എഫ്എഎ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
JetBlue flight reportedly hit by drone while landing at JFK Airport; FAA launches investigation















