
സെന്റ് ലൂയിസ്: അമേരിക്കൻ സംസ്ഥാനമായ മിസ്സൗറിയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പത്തു വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. കിയോമി പാർക്കർ എന്ന കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തുവയസ്സുകാരനെതിരെ പൊലീസ് ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി. മിസ്സൗറി ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊലപാതകക്കേസ് പ്രതിയാണ് ഈ കുട്ടി. കുഞ്ഞിൻ്റെ പിതാവായ കാമരിയോൺ പവലിനെയും (19) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെൻ്റ് ലൂയിസിലെ ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിടപ്പുമുറിയിലെ മെത്തയ്ക്കടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന തോക്ക് പത്തുവയസ്സുകാരൻ എടുത്ത് കുഞ്ഞിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. തോക്ക് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, മുൻപും ഇത് എടുത്ത് കളിച്ചിട്ടുണ്ടെന്നും പ്രതിയായ കുട്ടി പൊലീസിനോട് സമ്മതിച്ചു. സംഭവസമയത്ത് ഏഴു വയസ്സുള്ള മറ്റൊരു കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു.
സുരക്ഷിതമല്ലാത്ത രീതിയിൽ വീട്ടിൽ തോക്ക് സൂക്ഷിച്ചതിനാണ് കുഞ്ഞിൻ്റെ പിതാവ് കാമരിയോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ രണ്ടാം ഡിഗ്രി കൊലക്കുറ്റവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനുമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. പ്രതിയായ പത്തുവയസ്സുകാരനും കാമരിയോണും തമ്മിലുള്ള ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജുവനൈൽ കോടതിയിലാണ് കുട്ടിയുടെ വിചാരണ നടക്കുന്നത്.
Seven-month-old baby dies after being shot by 10-year-old; father arrested for murder














