ഗുരുവായൂർ ദർശനത്തിന് ശേഷം ചെന്നിത്തല തലസ്ഥാനത്ത്, ആവേശത്തോടെ സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ, മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് മൗനം

തിരുവനന്തപുരം: ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് പ്രവർത്തകർ വൻ സ്വീകരണം നൽകി. വലിയ ആവേശത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരിൽ തൊഴാൻ പോകാറുള്ളതാണെന്നും, ആ പതിവിൻ്റെ ഭാഗമായാണ് വെള്ളിയാഴ്ചയും ക്ഷേത്ര ദർശനം നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പുതിയ മന്ത്രിസഭയിൽ അംഗമാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം ഇപ്പോഴും മൗനം തുടരുകയാണ്. ഇന്ന് രാവിലെ തന്നെ മാധ്യമങ്ങളോട് ആവശ്യമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും, അതിനപ്പുറം പുതിയതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ, രാവിലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

ഗുരുവായൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. വി.ഡി. സതീശന് ആശംസകളും നേർന്നു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധി. യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Chennithala reaches the capital after visiting Guruvayur.

More Stories from this section

family-dental
witywide