അമേരിക്കൻ ജനത കൈവിട്ടോ? ട്രംപിൻ്റെ ജനപ്രീതിയിൽ വൻ ഇടിവ്; പുതിയ സർവേ ഫലങ്ങൾ പുറത്ത്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ജനപ്രീതി റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്സും ഇപ്സോസും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ട്രംപിന് വൻ തിരിച്ചടിയുണ്ടായതായി വ്യക്തമാക്കുന്നത്.

രാജ്യത്തെ വെറും 33 ശതമാനം അമേരിക്കക്കാർ മാത്രമാണ് നിലവിൽ ട്രംപിൻ്റെ ഭരണത്തെ അനുകൂലിക്കുന്നത്. ഈ മാസം ആദ്യം നടന്ന സർവേയേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവാണ് ട്രംപിൻ്റെ ജനപ്രീതിയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ വീണ്ടും അധികാരമേറ്റ ശേഷം ട്രംപിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റേറ്റിംഗാണിത്. അദ്ദേഹത്തിൻ്റെ ആദ്യ ഭരണകാലത്ത് 2017 ഡിസംബറിലുണ്ടായ ഏറ്റവും മോശം അവസ്ഥയ്ക്ക് തുല്യമാണിപ്പോഴത്തെ ജനവികാരം. ആഗസ്റ്റ് 14 മുതൽ 17 വരെ രാജ്യത്തെ 1,166 മുതിർന്ന പൗരന്മാർക്കിടയിലാണ് ഈ സർവേ നടത്തിയത്. പ്ലസ് അല്ലെങ്കിൽ മൈനസ് മൂന്ന് ശതമാനം വരെയുള്ള വ്യത്യാസങ്ങൾ ഈ സർവേ ഫലത്തിൽ വരാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇറാനുമായി നിലനിൽക്കുന്ന യുദ്ധം നീണ്ടുപോകുമെന്ന അമേരിക്കൻ ജനതയുടെ കടുത്ത ആശങ്കയാണ് ട്രംപിന് പ്രധാനമായും തിരിച്ചടിയായത്. നിലവിലെ യുദ്ധസാഹചര്യങ്ങൾ ആഗോള എണ്ണവ്യാപാരത്തിൻ്റെ അഞ്ചിലൊന്നിനെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇതേത്തുടർന്ന് അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. എഎഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗാലൻ ഗ്യാസിന് നിലവിൽ 4.06 ഡോളറാണ് വില.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 3.13 ഡോളർ മാത്രമായിരുന്നു. ഒരു വർഷത്തിനിടെ ഒരു ഡോളറോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇറാനിലെ യുഎസ് ഇടപെടൽ ഇനിയും നീണ്ടുനിൽക്കുമെന്ന് സർവേയിൽ പങ്കെടുത്ത 80 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. ഇതിൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകളിൽ 87 ശതമാനം പേരും ഭരിക്കുന്ന പാർട്ടിയായ റിപ്പബ്ലിക്കൻമാരിൽ 71 ശതമാനം പേരും ഈ യുദ്ധം നീളുമെന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസ് സഖ്യകക്ഷിയായ ഒമാൻ ഇറാനുമായി നടത്തുന്ന ചർച്ചകൾ യുഎസിൻ്റെ സമാധാന ശ്രമങ്ങൾക്ക് തടസ്സമായാൽ ഒമാനെ ബോംബെറിഞ്ഞ് തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതാണ് ജനങ്ങൾക്കിടയിൽ യുദ്ധഭീതിയും ആശങ്കയും വർദ്ധിപ്പിച്ചത്.

റോയിട്ടേഴ്സ് സർവേയ്ക്ക് പുറമെ അമേരിക്കയിലെ മറ്റ് പ്രധാന പോളിംഗ് ഏജൻസികളുടെ ശരാശരി കണക്കുകളിലും ട്രംപിനെതിരെയുള്ള ജനവികാരം തന്നെയാണ് പ്രകടമാകുന്നത്. പ്രമുഖ ഏജൻസിയായ റിയൽക്ലിയർപൊളിറ്റിക്സിൻ്റെ സർവേ പ്രകാരം 39.2 ശതമാനം ആളുകൾ ട്രംപിനെ അനുകൂലിക്കുമ്പോൾ 58.4 ശതമാനം പേർ ഭരണത്തെ എതിർക്കുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കുകളിൽ 37 ശതമാനം പേർ അനുകൂലിച്ചപ്പോൾ 60 ശതമാനം പേരും ട്രംപിൻ്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. മറ്റൊരു പ്രമുഖ സർവേയായ സിൽവർ ബുള്ളറ്റിനിൽ 38.3 ശതമാനം ആളുകൾ ട്രംപിനൊപ്പം നിന്നപ്പോൾ 58 ശതമാനം ആളുകൾ എതിർപ്പ് പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ യുദ്ധസാഹചര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടായില്ലെങ്കിൽ ട്രംപിൻ്റെ ജനപ്രീതി ഇനിയും താഴോട്ട് പോകുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide