
വാഷിംഗ്ടൺ: ശക്തമായ കടൽത്തിരകളിൽപ്പെട്ട പത്തുവയസ്സുകാരനെ ജീവൻ പണയംവെച്ച് രക്ഷപെടുത്തിയ പതിനാറുകാരനായ ലൈഫ് ഗാർഡിന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആദരം. കാലിഫോർണിയയിലെ സാന്താക്രൂസ് സ്വദേശിയായ റൈഡർ വില്യംസിനെയും അവൻ രക്ഷിച്ച നഥാനിയേൽ റായ് എന്ന പത്തുവയസുകാരനെയുമാണ് തിങ്കളാഴ്ച പ്രസിഡൻ്റ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചത്.
കഴിഞ്ഞ ജൂലൈ 25-നായിരുന്നു ലോകമെമ്പാടും വൈറലായ ആ സാഹസിക രക്ഷാപ്രവർത്തനം നടന്നത്. കടലിലെ ശക്തമായ തിരകളിൽ പെട്ട് മരണത്തോട് മല്ലിട്ട നഥാനിയേലിനെ റൈഡർ വില്യംസ് അതിസാഹസികമായി കരയ്ക്കെത്തിക്കുകയായിരുന്നു. രാക്ഷസത്തിരമാലകൾ ചുറ്റും അലയടിച്ചിട്ടും കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച് സുരക്ഷിതനായി റൈഡർ തീരത്തെത്തിച്ചു. റൈഡറിൻ്റെ ധീരതയെ ട്രംപ് പ്രകീർത്തിച്ചു. മരണവക്ത്രത്തിൽ നിന്നും തിരിച്ചെത്തിയ നഥാനിയേലിനെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
“നിങ്ങളെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ രാജ്യം അഭിമാനിക്കുന്നു. റൈഡർ ചെയ്തത് സമാനതകളില്ലാത്ത കാര്യമാണ്. ആ ദൃശ്യങ്ങൾ കണ്ടപ്പോൾ ‘ഇത് ഒന്ന് റിവൈൻഡ് ചെയ്ത് കാണിക്കൂ, എനിക്ക് വീണ്ടും കാണണം, ഇത് ശരിക്കും സംഭവിച്ചതാണോ’ എന്നാണ് ഞാൻ ചോദിച്ചത്,” ട്രംപ് പറഞ്ഞു.
നഥാനിയേലിൻ്റെ പിതാവ് സുമിത് റായും ചടങ്ങിൽ പങ്കെടുത്തു. തൻ്റെ മകന് ജീവൻ തിരിച്ചുനൽകിയ റൈഡറോട് വാക്കുകൾക്ക് അതീതമായ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മകൻ്റെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന കുടുംബത്തിന് ഇതൊരു പുനർജന്മമാണെന്നും, റൈഡർ എത്തിയില്ലായിരുന്നെങ്കിൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ തനിക്ക് മകനെ നഷ്ടപ്പെടുമായിരുന്നുവെന്നും സുമിത് റായ് വിതുമ്പലോടെ ഓർത്തു.
ലൈഫ് ഗാർഡുകൾക്ക് സമൂഹത്തിൽ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ അപകടസാധ്യതയുള്ള ഇത്തരം ഘട്ടങ്ങളിൽ തങ്ങൾക്ക് ലഭിച്ച കഠിനമായ പരിശീലനമാണ് തുണയാകാറുള്ളതെന്ന് റൈഡർ വിനയപൂർവ്വം മറുപടി നൽകി. മുതിരുമ്പോൾ ഒരു ഫയർ ഫൈറ്റർ (അഗ്നിശമന സേനാംഗം) ആയി രാജ്യത്തെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ പതിനാറുകാരൻ വ്യക്തമാക്കി.
US President honors bravery: Trump welcomes teenage lifeguard who saved child from drowning to Oval Office















