ഷിക്കാഗോയിൽ ചോരപ്പുഴ: വാരാന്ത്യത്തിലുണ്ടായ വെടിവെപ്പിൽ 7 മരണം, 38 പേർക്ക് പരിക്ക്; സൈന്യത്തെ ഇറക്കാൻ ട്രംപ്

ഷിക്കാഗോ: അമേരിക്കൻ നഗരമായ ഷിക്കാഗോയിൽ വാരാന്ത്യത്തിലുണ്ടായ തുടർച്ചയായ വെടിവെപ്പുകളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം 38 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിനാലിലധികം വെടിവെപ്പ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അക്രമ പരമ്പരയെത്തുടർന്ന് ഷിക്കാഗോയിൽ സൈനിക ഇടപെടൽ നടത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

കറുത്തവർഗ്ഗക്കാരുടെ അടിമത്ത മോചന ദിനമായ ‘ജൂൺടീത്ത്’ ആഘോഷങ്ങൾക്കിടെയാണ് നഗരത്തെ നടുക്കിയ കൂട്ടവെടിവെപ്പ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഷിക്കാഗോ തെരുവിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ എസ്‌യുവിയിലെത്തിയ രണ്ട് അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ 12 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ 18-ഉം 21-ഉം വയസ്സുള്ള യുവാക്കളും ഉൾപ്പെടുന്നു.

സംഭവത്തെ തുടർന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർക്കെതിരെ ഡോണൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. “എന്തുകൊണ്ടാണ് ഗവർണർ സഹായത്തിനായി എന്നെ വിളിക്കാത്തത്? എനിക്ക് ഷിക്കാഗോയെ ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാക്കാൻ കഴിയും,” ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എന്നാൽ ക്രമസമാധാന പാലനത്തിനായി ഷിക്കാഗോയിൽ സൈന്യത്തെ (നാഷണൽ ഗാർഡ്) വിന്യസിക്കാനുള്ള ട്രംപിൻ്റെ മുൻ നിർദ്ദേശങ്ങളെ ഗവർണർ പ്രിറ്റ്‌സ്‌കർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, ആഘോഷരാവിനെ ഭീകരാന്തരീക്ഷമാക്കിയ അക്രമത്തെ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ശക്തമായി അപലപിച്ചു. അക്രമികൾക്ക് നഗരത്തിൽ സ്ഥാനമുണ്ടാകില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഷിക്കാഗോയ്ക്ക് പുറമെ ഫിലാഡൽഫിയ, സിൻസിനാറ്റി, കൻസാസ് സിറ്റി തുടങ്ങിയ മറ്റ് പ്രമുഖ യുഎസ് നഗരങ്ങളിലും ഈ വാരാന്ത്യത്തിൽ സമാനമായ തോക്കുപയോഗിച്ചുള്ള അക്രമങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Chicago shooting: 7 dead, 38 injured in weekend shooting; Trump to deploy military

More Stories from this section

family-dental
witywide