സമാധാന ചർച്ചകൾക്കിടെയുള്ള ട്രംപിന്റെ കടുത്ത ഭീഷണിയിൽ ഇടഞ്ഞ് ഇറാൻ; സ്വിറ്റ്‌സർലൻഡ് ചർച്ചകളിൽ അമേരിക്കയ്‌ക്കെതിരെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചു, ആശങ്ക

ജനീവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ ചർച്ചാ പ്രതിനിധികൾക്കെതിരെ പരസ്യമായ ഭീഷണി മുഴക്കിയതിന് പിന്നാലെ, അമേരിക്കയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാൻ രംഗത്ത്. നിലവിൽ സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘമാണ് അമേരിക്കൻ പക്ഷത്തെ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ വാക്കാലുള്ള ഭീഷണികളോട് ഏതു രീതിയിൽ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ഇറാൻ സംഘം ഇപ്പോൾ ആലോചിച്ചുവരികയാണെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലായ പ്രസ് ടിവി വ്യക്തമാക്കി.

ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ അത്യന്തം ഗുരുതരമായ പരാമർശങ്ങൾ നടത്തിയത്. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുകയാണെങ്കിൽ ഇറാൻ എന്നൊരു രാജ്യം തന്നെ ഇല്ലാതാകുമെന്നും, സ്വിറ്റ്‌സർലൻഡിൽ ചർച്ചയ്ക്ക് വന്നിരിക്കുന്ന ഇറാൻ പ്രതിനിധികൾക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ പോലും സാധിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതുകൊണ്ട് അമേരിക്ക എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

More Stories from this section

family-dental
witywide