
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സാസിൽ ഓട്ടോപൈലറ്റ് മോഡിലായിരുന്ന ടെസ്‌ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി വൃദ്ധ കൊല്ലപ്പെട്ടു. ഹാരിസ് കൗണ്ടിയിലെ കാറ്റി മേഖലയിൽ ജൂൺ 19 വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. കാറ്റി സ്വദേശിയായ മാർത്ത ആവില (76) എന്ന വൃദ്ധയാണ് മരിച്ചത്.
മൈക്കൽ ബട്ട്‌ലർ (44) എന്നയാൾ ഓടിച്ചിരുന്ന ടെസ്‌ല മോഡൽ 3 കാറാണ് അപകടമുണ്ടാക്കിയത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വീടിൻ്റെ ഇഷ്ടികച്ചുവര് തകർത്ത് അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം വീടിൻ്റെ മുറിയിൽ നിൽക്കുകയായിരുന്ന മാർത്തയ്ക്ക് മേൽ കാർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് വാഹനത്തിൻ്റെ സ്വയംനിയന്ത്രിത ഡ്രൈവിങ് സംവിധാനമായ ‘ഓട്ടോപൈലറ്റ്’ ഓൺ ആയിരുന്നുവെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഓട്ടോപൈലറ്റ് സംവിധാനത്തിലെ സാങ്കേതിക പിഴവാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Elderly woman killed after Tesla car crashes into house in Texas; accident occurred while in Autopilot mode















