വടംവലിയുടെ ലോകകപ്പിന് അങ്കത്തട്ടൊരുക്കി ഷിക്കാഗോ; സോഷ്യൽ ക്ലബ്ബിൻ്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മാമാങ്കം സെപ്റ്റംബർ 6-ന് ; വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും വലിയ സമ്മാനത്തുക

ഷിക്കാഗോ: സെപ്റ്റബർ ആറിന് നടത്തപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 12ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. വടംവലിയുടെ ലോകകപ്പ്, ആഗോള തലത്തിൽ തന്നെ മലയാളി വടവലി ടൂർണമെൻ്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെൻ്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ അന്താരാഷ്‌ട്ര വടംവലി മത്സരങ്ങൾ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഇല്ലിനോയ് ബെൻസൻവില്ലിലെ എനർജി സ്പോർട്സ് കോംപ്ലക്സിലാണ് (1005, Commerce Court, Bensenville, Illinois) ഇത്തവണത്തെ അരങ്ങേറുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 16 ടീമുകൾ ഇത്തവണ മൽസരത്തിൽ മാറ്റുരയ്ക്കും. പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.

വിജയിയെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുക

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയേക്കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ് മറിയം കഴിക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ( എലൈറ്റ് ഗെയിമിങ്, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ടോണി കിഴക്കേകുറ്റ് എന്നിവരാണ് സ്ഫോൺസർമാർ), നാലാം സമ്മാനമായി 1,111 ഡോളറും ചിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും. 5,6,7,8 സ്ഥാനങ്ങളിലുള്ളവർക്ക് 500 ഡോളർ സമ്മാനമായി നൽകും. ഇതിനു പുറമെ 5 മുതൽ പത്തുവരെ സ്ഥാനക്കാർക്കായും ഓരോ പൊസിഷനിലെയും മികച്ച വലിക്കാർക്കും , മികച്ച കോച്ചിനും സമ്മാനങ്ങൾ നൽകപ്പെടും. ഇരുപത്തി അയ്യായിരത്തിലധികം അമേരിക്കൻ ഡോളറാണ് ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലിയുടെ ഭാഗമായി സമ്മാനമായി നല്കപ്പെടുക.

പ്രശസ്ത സിനിമാതാരം അൻസിബ ഹസനും പ്രശസ്ത ഗായകൻ സുധീഷ് ശശികുമാറും ടൂർണമെൻ്റിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്. 10 ടെൻ്റുകളിലായി നോർത്ത് ഇന്ത്യൻ, സൌത്ത് ഇന്ത്യൻ, കേരള ഭക്ഷണ വൈവിധ്യങ്ങളുമായി ഫൂഡ് ഫെസ്റ്റിവൽ ഒരിക്കിയിരിക്കുന്നത്.

വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെൻ്റിൻ്റെ മൂവർസംഘം

കമന്ററിയിലൂടെ വടംവലി പ്രേമികളുടെ ആവേശം വാനോളമുയർത്തുന്ന മൂവർസംഘം ഇത്തവണയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിക്ക് ശബ്ദമാകുവാനായി എത്തുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി, ഷിക്കാഗോ വടംവലി മത്സരം ആരംഭിച്ചതു മുതൽ കമന്ററി സംഘത്തിന്റെ നെടുംതൂണായിരുന്ന ഷിക്കാഗോയുടെ സ്വന്തം സജീ പുതൃക്കയിൽ, കുറെ വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിയുടെയും നോർത്ത് അമേരിക്കയിലെ വിവിധ വടംവലി മത്സരങ്ങളുടെയും കമന്ററിക്ക് നേതൃത്വം നൽകിയ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റോണാൾഡ് പൂക്കുമ്പേൽ, അവരോടൊപ്പം കേരളത്തിലെ സുപ്രധാന വടംവലി മത്സരങ്ങളിൽ മനോഹരമായി കമന്ററി പറഞ്ഞ് നിരവധി കൈയടികൾ നേടിയ പരിചയസമ്പന്നതയുടെ മുഖമായി മലബാറിന്റെ മണ്ണിൽനിന്ന് ഷിക്കാഗോയിലേക്ക് എത്തുന്ന സിജിൽ രാജു എന്നിവരാണ് ഇത്തവണത്തെ വടംവലിയുടെ കമന്ററി ഗംഭീരമാക്കുവാൻ തയ്യാറാകുന്നത്.

മത്സരം നിയന്ത്രിക്കാൻ പരിചയസമ്പന്നരായ നാലംഗ റഫറി സംഘം

മത്സരം നിയന്ത്രിക്കാൻ പരിചയസമ്പന്നരായ നാലംഗ റഫറി സംഘം ഇത്തവണയും രംഗത്ത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി തുടർച്ചയായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിച്ചുവരുന്ന അതേ നാലംഗ സംഘമാണ് ഇത്തവണയും മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ജോസ് ഇടിയാലിൽ, നിണൽ മുണ്ടപ്ലാക്കിൽ , ജെസ്മോൻ പുറമടം, സിബി കദളിമറ്റം എന്നിവരടങ്ങുന്ന നാലംഗ റഫറി ടീമാണ് വാശിയേറിയ അന്താരാഷ്ട്ര വടംവലി മത്സരത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വടംവലി മത്സരങ്ങളെ സുഗമമായും കാർക്കശ്യത്തോടെയും, ഒരു പരാതിക്കുപോലും ഇടനൽകാതെ മത്സരങ്ങൾ വിജയകരമായി നിയന്ത്രിച്ച പരിചയസമ്പന്നതയുമായാണ് ഇത്തവണയും ഇവർ കളത്തിലിറങ്ങുന്നത്.

വിശാലമായ പാർക്കിംഗ് സൌകര്യം

കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ വേദിയാണ് ഇത്തവണത്തെ വടംവലിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുൻ വർഷങ്ങളിൽ വടംവലി കാണാനെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യത്തിൻ്റെ പരിമിതി ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ ഇത്തവണ 850-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കിയാണ് സംഘാടകർ മത്സരത്തെ വരവേൽക്കുന്നത്. Energy Sports Complex-ലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലുമായി 650-ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതുകൂടാതെ, വേദിയിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള Sacred Heart Knanaya Catholic Church-ൻ്റെ പാർക്കിംഗ് ലോട്ടിൽ 200-ലധികം വാഹനങ്ങൾക്ക് അധിക പാർക്കിംഗ് സൗകര്യവും വടംവലി കാണാനെത്തുന്നവർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളോടുകൂടി നടത്തപ്പെടുന്ന മത്സരമായി ഇത്തവണത്തെ ടൂർണമെൻ്റ് മാറും.

ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡൻ്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ടൂർണമെൻ്റ് കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും, മാനി കരിക്കുളം വൈസ് ചെയർമാനായും, സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും, ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും, അനിൽ മറ്റത്തിക്കുന്നേൽ പബ്ളിസിറ്റി ചെയർമാനായും ടൂർണമെൻ്റിന് നേതൃത്വം നൽകുന്നു.

Chicago Social Club’s 12th International Tug of War on September 6th

More Stories from this section

family-dental
witywide