അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് ഷിക്കാഗോയുടെ പ്രശസ്തമായ മാഗ്നിഫിസന്റ് മൈൽ വീണ്ടും വർണവിസ്മയമൊരുക്കാൻ തയ്യാറെടുക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ രാത്രികാല പരേഡായി വിശേഷിപ്പിക്കപ്പെടുന്ന വിൻട്രസ്റ്റ് മാഗ്നിഫിസന്റ് മൈൽ ലൈറ്റ്സ് ഫെസ്റ്റിവൽ നവംബർ 21 ശനിയാഴ്ച നടക്കും. 35-ാം വാർഷികം ആഘോഷിക്കുന്ന ഇത്തവണത്തെ പരിപാടിയിൽ പത്തുലക്ഷത്തിലധികം ക്രിസ്മസ് ലൈറ്റുകളും വർണാഭമായ ഫ്ലോട്ടുകളും കൂറ്റൻ ബലൂണുകളും സംഗീതപരിപാടികളും വെടിക്കെട്ടും അണിനിരക്കും.
ഷിക്കാഗോയിലെ പ്രധാന വ്യാപാര-വിനോദസഞ്ചാര കേന്ദ്രമായ നോർത്ത് മിഷിഗൺ അവന്യൂവിലാണ് ആഘോഷം നടക്കുന്നത്. മാഗ്നിഫിസന്റ് മൈൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിൻട്രസ്റ്റ് ബാങ്കിന്റെ മുഖ്യപിന്തുണയോടെയും ഇല്ലിനോയി ടൂറിസം വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 21-ന് രാവിലെ 11 മണിക്ക് പയനിയർ കോർട്ടിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. 401 നോർത്ത് മിഷിഗൺ അവന്യൂവിൽ ഒരുക്കുന്ന ‘ലൈറ്റ്സ് ഫെസ്റ്റിവൽ ലെയ്ൻ’ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദപരിപാടികൾ, തത്സമയ സംഗീതം, ക്രിസ്മസ് അലങ്കാരങ്ങൾ, സാന്താക്ലോസിനൊപ്പമുള്ള സൗജന്യ ഫോട്ടോ സെഷനുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രശസ്തമായ എലീസ് ചീസ്കേക്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചീസ്കേക്ക് അലങ്കരിക്കുന്ന പ്രത്യേക പരിപാടിയും നടക്കും. ക്രിസ്മസ് തീമിലുള്ള ഫോട്ടോ പോയിന്റുകളും വിവിധ കമ്പനികളുടെ വിനോദ സ്റ്റാളുകളും ആഘോഷത്തിന് മാറ്റുകൂട്ടും. ഇത്തവണത്തെ ആഘോഷത്തിൽ അമേരിക്കൻ പോപ്പ്-റോക്ക് സംഗീതസംഘമായ നിയോൺ ട്രീസിന്റെ പ്രത്യേക സംഗീതപരിപാടിയും ഉണ്ടാകും. ബ്രോഡ്വേ താരം മൈക്കൽ ജെയിംസ് സ്കോട്ട്, പ്രശസ്ത ഡിസ്കോ ഗായിക തെൽമ ഹൂസ്റ്റൺ എന്നിവരും ആഘോഷങ്ങളുടെ ഭാഗമായി സംഗീതപരിപാടികൾ അവതരിപ്പിക്കും.
വൈകിട്ട് 5.30-ന് ആരംഭിക്കുന്ന ഗ്രാൻഡ് പരേഡാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. വാൾട്ട് ഡിസ്നി വേൾഡിലെ പ്രശസ്ത കഥാപാത്രങ്ങളായ മിക്കി മൗസും മിന്നി മൗസും ഇത്തവണയും പരേഡിന്റെ ഗ്രാൻഡ് മാർഷലുകളായി നേതൃത്വം നൽകും. ഡിസ്നിയുടെ മറ്റു പ്രിയപ്പെട്ട കഥാപാത്രങ്ങളും ആഘോഷത്തിൽ പങ്കെടുക്കും. ഓക്ക് സ്ട്രീറ്റിന്റെയും മിഷിഗൺ അവന്യൂവിന്റെയും സംഗമസ്ഥാനത്തുനിന്നാണ് പരേഡ് ആരംഭിക്കുന്നത്. മിക്കിയും മിന്നിയും മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് മിഷിഗൺ അവന്യൂവിന്റെ ഇരുവശങ്ങളിലുമുള്ള ഇരുനൂറിലധികം മരങ്ങളിൽ സ്ഥാപിച്ച പത്തുലക്ഷത്തിലധികം ക്രിസ്മസ് ലൈറ്റുകൾ ഓരോ ബ്ലോക്കുകളിലായി പ്രകാശിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന മാർച്ചിങ് ബാൻഡുകൾ, വർണാഭമായ ക്രിസ്മസ് ഫ്ലോട്ടുകൾ, കൂറ്റൻ ഹീലിയം ബലൂണുകൾ, നൃത്തസംഘങ്ങൾ, കലാകാരന്മാർ എന്നിവ പരേഡിന്റെ ഭാഗമാകും. ക്രിസ്മസ് ഗാനങ്ങളും സംഗീതപ്രകടനങ്ങളും ആഘോഷങ്ങൾക്ക് ആവേശം പകരും. പരേഡിന്റെ അവസാനത്തിൽ സാന്താക്ലോസ് പ്രത്യേകമായി അലങ്കരിച്ച വിൻട്രസ്റ്റ് ഗ്രാൻഡ് ഫിനാലെ ഫ്ലോട്ടിൽ എത്തും. ആഘോഷങ്ങളുടെ സമാപനമായി വൈകിട്ട് 7.15 മുതൽ 7.30 വരെ മിഷിഗൺ അവന്യൂവിലെ ഡ്യൂസേബിൾ ബ്രിഡ്ജിന് സമീപമാണ് വിൻട്രസ്റ്റ് ഫയർവർക്ക്സ് സ്പെക്ടാക്കുലർ ഒരുക്കിയിട്ടുണ്ട്. പരേഡും വെടിക്കെട്ടും കാണാൻ വലിയ ജനക്കൂട്ടം എത്തുമെന്നതിനാൽ സന്ദർശകർ നേരത്തെ എത്തണമെന്ന് സംഘാടകർ നിർദേശിച്ചു.
പരിപാടിയോടനുബന്ധിച്ച് ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഓക്ക് സ്ട്രീറ്റ് മുതൽ വാക്കർ ഡ്രൈവ് വരെയുള്ള നോർത്ത് മിഷിഗൺ അവന്യൂ വൈകിട്ട് മൂന്ന് മുതൽ രാത്രി 7.30 വരെ വാഹനഗതാഗതത്തിന് അടച്ചിടും. വാക്കർ ഡ്രൈവിന്റെയും കൊളംബസ് ഡ്രൈവിന്റെയും ചില ഭാഗങ്ങളിലും ഗതാഗതനിയന്ത്രണങ്ങൾ ഉണ്ടാകും. വലിയ ജനക്കൂട്ടവും റോഡ് അടച്ചിടലുകളും കണക്കിലെടുത്ത് പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പരേഡ് നേരിട്ട് കാണാൻ കഴിയാത്തവർക്കായി ABC7 Chicago തത്സമയ ഓൺലൈൻ സംപ്രേഷണം ഒരുക്കും. നവംബർ 22 ഞായറാഴ്ച വൈകിട്ട് ആറുമുതൽ ഏഴുവരെ ആഘോഷങ്ങളുടെ പ്രത്യേക ടെലിവിഷൻ പരിപാടിയും സംപ്രേഷണം ചെയ്യും.
ഈ വർഷം 35-ാം വാർഷികം ആഘോഷിക്കുന്നതിനാൽ കൂടുതൽ വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. നോർത്ത് മിഷിഗൺ അവന്യൂവിലെ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും ക്രിസ്മസ് സീസണിന്റെ ഭാഗമായി പ്രത്യേക അലങ്കാരങ്ങളും ആഘോഷപരിപാടികളും ഉണ്ടാകും. നവംബർ 20-ന് മില്ലേനിയം പാർക്കിലെ ഔദ്യോഗിക ക്രിസ്മസ് ട്രീ ലൈറ്റിങ് ചടങ്ങ് നടക്കുന്നതിന് പിന്നാലെയാണ് മാഗ്നിഫിസന്റ് മൈൽ പരേഡ് അരങ്ങേറുന്നത്.
Chicago to sparkle with a million Christmas lights; Magnificent Mile Christmas Parade, led by Mickey and Minnie, to be held on November 21.












