
ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ദുരുപയോഗവും അടങ്ങുന്ന ദൃശ്യങ്ങളും ഉള്ളടക്കങ്ങളും തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റാ ഇന്ത്യയ്ക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഡൽഹി പൊലീസിന്റെ ഈ നടപടി. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രിയങ്ക് കാനൂംഗോ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
പ്ലാറ്റ്ഫോമുകൾക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന ചൈൽഡ് അബ്യൂസ് ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ രഹസ്യമായി നയിക്കുന്ന പരസ്യങ്ങളെ കണ്ടെത്താൻ പുതിയ എഐ ടൂളുകൾ മെറ്റാ പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുൻപാണ് ഈ നിർണായക നടപടിയുണ്ടായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നിരുപദ്രവകാരിയെന്ന് തോന്നുന്ന പരസ്യങ്ങൾ വഴി കുറ്റവാളികൾ ഉപയോക്താക്കളെ ബാഹ്യ വെബ്സൈറ്റുകളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ആകർഷിക്കുന്നതായി കഴിഞ്ഞ ഒക്ടോബർ 9-ന് മെറ്റാ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നിരവധി അക്കൗണ്ടുകൾ റദ്ദാക്കുകയും ലിങ്കുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി കമ്പനി അറിയിച്ചിരുന്നു.
നേരത്തെ, ഇതേ വിഷയത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറെയും മേധാവിയെയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കമ്മീഷന്റെ തുടർച്ചയായ ഇടപെടലുകളെ തുടർന്ന് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റം വരുത്താൻ മെറ്റാ നിർബന്ധിതരായിരുന്നു. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന അടുത്ത സിറ്റിംഗിലും ഹാജരാകാൻ കമ്മീഷൻ മെറ്റാ അധികൃതരോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റാ വക്താവ് പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിയന്ത്രിക്കുന്ന സൈബർ ക്രൈം പോർട്ടലിലേക്ക് ഇനി മുതൽ നേരിട്ട് റിപ്പോർട്ട് ചെയ്യുമെന്നും മെറ്റാ വ്യക്തമാക്കി.
Child abuse visuals on Facebook and Instagram; FIR against Meta














