
ബെർലിൻ: ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിക്കാൻ റഷ്യ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ബഹിരാകാശത്തു നിന്നുള്ള ഏത് ഭീഷണിയെയും പ്രതിരോധിക്കാൻ സഖ്യം സജ്ജമാണെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെ വ്യക്തമാക്കി. ബെർലിനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അടുത്ത 60 ദിവസത്തിനുള്ളിൽ റഷ്യ ആണവ ഉപഗ്രഹം വിക്ഷേപിച്ചേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഈ മാസം നാറ്റോ രാജ്യങ്ങൾക്കിടയിൽ പങ്കുവെച്ചിരുന്നതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏത് രാജ്യമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വ്യക്തമല്ല.
“നാറ്റോയുടെ ഓരോ ഇഞ്ച് ഭൂമിയും ഞങ്ങൾ എപ്പോഴും സംരക്ഷിക്കും. ബഹിരാകാശ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതും ഇതിന്റെ ഭാഗമാണ്,” മാർക്ക് റുട്ടെ പറഞ്ഞു. ഭീഷണികളെ നേരിടാൻ നാറ്റോയ്ക്ക് മുന്നിൽ വിവിധ മാർഗ്ഗങ്ങളുണ്ടെന്നും പ്രതിരോധ ശേഷിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജ്ഞാതരായ ജർമ്മൻ സൈനിക-രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ആർ, ഡബ്ല്യു.ഡി.ആർ, സ്യൂഡോയിഷെ സൈറ്റുങ് എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ‘സ്പുട്നിക്-എസ്’ എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ഉപഗ്രഹത്തിൽ ആണവ പോർമുന ഘടിപ്പിച്ചിട്ടുണ്ടെന്നും, വാർത്താവിനിമയ-നിരീക്ഷണ ഉപഗ്രഹങ്ങളെ തകർക്കാനോ പ്രവർത്തനരഹിതമാക്കാനോ ഇത് ഉപയോഗിച്ചേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതിരുന്ന ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, റഷ്യ ഏതറ്റം വരെയുള്ള പ്രകോപനത്തിന് തയ്യാറാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രതികരിച്ചു. വാർത്തകൾ ഗൗരവമായി കാണുന്നുണ്ടെങ്കിലും അനാവശ്യ പരിഭ്രാന്തി പരത്തരുതെന്ന് ജർമ്മൻ സർക്കാർ വക്താവ് മുന്നറിയിപ്പ് നൽകി. അതേസമയം, ബഹിരാകാശത്ത് ആണവായുധങ്ങൾ എത്തുന്നത് “ഏറ്റവും വലിയ പേടിസ്വപ്നമായിരിക്കും” എന്ന് യൂറോപ്യൻ സ്പേസ് ഏജൻസി മേധാവി ജോസഫ് അഷ്ബാക്കർ അഭിപ്രായപ്പെട്ടു.
അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള വാർത്തകൾ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്ന് ബെർലിനിലെ റഷ്യൻ എംബസിയും വ്യക്തമാക്കി.
ഭ്രമണപഥത്തിൽ കൂട്ടനശീകരണ ആയുധങ്ങൾ നിരോധിക്കുന്ന 1967-ലെ ‘ഔട്ടർ സ്പേസ് ഉടമ്പടി’യിൽ റഷ്യ ഒപ്പുവെച്ചിട്ടുള്ളതാണ്. ബഹിരാകാശത്ത് ആണവായുധങ്ങൾ വിന്യസിക്കുന്നതിനെ എതിർക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യം വെക്കുന്ന മറ്റ് ബഹിരാകാശ ആയുധങ്ങൾ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഭ്രമണപഥത്തിൽ ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് സെപ്റ്റംബറിൽ വെളിപ്പെടുത്തിയിരുന്നു. ബഹിരാകാശം ആയുധമുക്തമായിരിക്കണമെന്നായിരുന്നു ഇതിനോടുള്ള റഷ്യയുടെ പ്രതികരണം.
Nuclear fears extend to the skies; intelligence reports suggest Russia could launch a nuclear-armed satellite within 60 days, while NATO states it is prepared to respond.















