വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധം കാറ്റിൽ പറത്തി ചൈനീസ് കപ്പൽ. അമേരിക്കൻ ഉപരോധമുള്ള ഹോർമുസ് കടലിടുക്കിലൂടെ ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമുള്ള കപ്പൽ കടന്നുപോയതായി ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നു. ഉപരോധം ആരംഭിച്ചതിനുശേഷം കടലിടുക്ക് കടന്ന് ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എൽഎസ്ഇജി, മറൈൻട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇതിനുമുമ്പ് ‘ഫുൾ സ്റ്റാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023-ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കാൻ ഈ കപ്പൽ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അസാധാരണ നീക്കങ്ങൾ.
റിച്ച് സ്റ്റാറി കപ്പൽ ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയപ്പോൾ ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പലിന് ചൈനീസ് ഉടമസ്ഥതയാണുള്ളതെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്നും റേഡിയോ വഴി സന്ദേശം നൽകി. സമുദ്ര സുരക്ഷാ മാനദണ്ഡമെന്ന നിലയിലാണ് ഇത്തരം വിവരങ്ങൾ കൈമാറുന്നത്.
ഇതേസമയം റിച്ച് സ്റ്റാറിയെ കൂടാതെ ‘എൽപിസ്’ എന്ന മറ്റൊരു കപ്പലും ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാർട്ട് കെമിക്കൽ എസ്.എയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ നേരത്തെ ഒരു ഇറാനിയൻ തുറമുഖത്ത് അടുത്തിരുന്നതായി കപ്പലുകളെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമുകൾ ചൂണ്ടിക്കാട്ടുന്നു. ട്രംപിൻ്റെ ഈ ഉപരോധം ഊർജ്ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ ആരംഭിക്കാൻ ലോകരാജ്യങ്ങൾ മുൻകൈ എടുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Chinese tanker passes through Hormuz despite Trump’s naval blockade












