
കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മാണ്ഡ്യ ജില്ലയിൽ നടന്ന പൊതുപരിപാടിയിലാണ് ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന അപ്രതീക്ഷിത പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സമയത്ത് തന്നെ അദ്ദേഹം വിരമിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അന്ന് മകൻ ഇത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിന് തനിക്ക് ബാല്യമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് സന്ധി ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ തനിക്ക് 79 വയസ്സായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2028-ൽ 82 വയസ്സ് പൂർത്തിയാകുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എന്നാൽ ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം മാറ്റില്ലെന്നാണ് അദ്ദേഹം നൽകുന്ന സൂചന. 1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ താൻ ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം ഏറെ മലീമസവും അഴിമതി നിറഞ്ഞതുമായി മാറിയെന്ന് സിദ്ധരാമയ്യ കടുപ്പിച്ച് വിമർശിച്ചു. പണ്ട് ജനങ്ങൾ രാഷ്ട്രീയക്കാരെ സഹായിച്ച് വിജയിപ്പിച്ചിരുന്ന സ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം നൽകേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തനായിരുന്ന അദ്ദേഹം രാജ്യസഭാംഗത്വം എന്ന പാർട്ടി വാഗ്ദാനം നിരസിച്ചിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം തെരഞ്ഞെടുപ്പ് രംഗത്തോട് വിടപറയുന്ന അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ഉറ്റുനോക്കലിലാണ് രാഷ്ട്രീയ ലോകം.
Siddaramaiah Announces Retirement from Electoral Politics, Criticizes Rising Corruption











