
കലിഫോർണിയ: ആഗോളതലത്തിൽ കമ്പ്യൂട്ടർ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമത്തെത്തുടർന്ന് ഐഫോൺ അടക്കമുള്ള ആപ്പിൾ ഉപകരണങ്ങളുടെ വില വർദ്ധനവ് ഒഴിവാക്കാനാകാത്തതാണെന്ന് സിഇഒ ടിം കുക്ക്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികളിൽ നിന്നുള്ള ചിപ്പുകളുടെ അനിയന്ത്രിതമായ ഡിമാൻഡാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തെ നൂറ്റാണ്ടിലൊരിക്കൽ മാത്രം ഉണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കത്തോടാണ് ടിം കുക്ക് ഉപമിച്ചത്.
“കഴിഞ്ഞ 40 വർഷത്തിലേറെയായുള്ള എൻ്റെ കരിയറിൽ ഈ മേഖലയിൽ ഇതുപോലൊരു സാഹചര്യം ഞാൻ കണ്ടിട്ടില്ല,” ‘ദി വാൾ സ്ട്രീറ്റ് ജേണലിന്’ നൽകിയ അഭിമുഖത്തിൽ കുക്ക് വ്യക്തമാക്കി.
ഈ വർഷം അവസാനം ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വാർത്ത പുറത്തുവരുന്നത്. എന്നാൽ വിലവർദ്ധനവ് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നോ, ഏതൊക്കെ ഉൽപ്പന്നങ്ങളെയാണ് ഇത് നേരിട്ട് ബാധിക്കുകയെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 1-ന് ആപ്പിളിൻ്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങാനിരിക്കുന്ന കുക്ക്, വർദ്ധിച്ചുവരുന്ന ചെലവുകൾ കമ്പനിയുടെ ലാഭവിഹിതത്തെ ബാധിക്കുന്നതിനാലാണ് വില കൂട്ടാൻ നിർബന്ധിതരാകുന്നതെന്ന് കൂട്ടിച്ചേർത്തു.
സാധാരണയായി സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് മെമ്മറി ചിപ്പുകളുടെ വില കുറയുകയാണ് പതിവ്. എന്നാൽ ഇതിന് വിപരീതമായി ചിപ്പുകൾക്ക് വില കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന ‘ചിപ്പ്‌ഫ്ലേഷൻ’ എന്ന പ്രതിസന്ധിയാണ് ഇപ്പോൾ വിപണിയിലുള്ളതെന്ന് പ്രമുഖ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കായ മോർഗൻ സ്റ്റാൻലിയിലെ വിദഗ്ദ്ധൻ ഷോൺ കിം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചിപ്പുകളുടെ വില ആറിരട്ടിയിലധികമാണ് വർദ്ധിച്ചത്.
വൻകിട എഐ, ക്ലൗഡ് കമ്പനികൾ വലിയ തുക മുൻകൂട്ടി നൽകി വിപണിയിലെ ചിപ്പുകൾ സ്വന്തമാക്കുമ്പോൾ, സ്മാർട്ട്‌ഫോൺ-കമ്പ്യൂട്ടർ നിർമ്മാതാക്കൾ ബാക്കിവരുന്ന ചിപ്പുകൾക്കായി വലിയ മത്സരം നേരിടേണ്ടി വരുന്നു. ടെക് റിസർച്ച് സ്ഥാപനമായ ടെക്ഇൻസൈറ്റ്സിൻ്റെ വിലയിരുത്തൽ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോൺ പ്രോ 19 മോഡലുകൾക്ക് 200 ഡോളറിലധികം (ഏകദേശം 16,000 രൂപയ്ക്ക് മുകളിൽ) വില വർദ്ധിച്ചേക്കാം. ഇതോടെ ഇതിൻ്റെ പ്രാരംഭ വില 1,299 ഡോളറിലേക്ക് ഉയർന്നേക്കുമെന്നാണ് സൂചന.
മറ്റു കമ്പനികളെയും ബാധിക്കും
പ്രതിസന്ധി ആപ്പിളിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള മറ്റ് സ്മാർട്ട്‌ഫോൺ, ലാപ്ടോപ്പ് നിർമ്മാതാക്കളെയും ബാധിക്കും. 2027-ഓടെ കമ്പ്യൂട്ടർ നിർമ്മാതാക്കൾക്ക് 15 ശതമാനവും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് 12 ശതമാനവും ചിപ്പുകളുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ വൈകുന്നതിനും ഫീച്ചറുകൾ വെട്ടിക്കുറയ്ക്കുന്നതിനും കാരണമായേക്കാം.
എഐ കമ്പനികളുടെ കടന്നുവരവോടെ മെമ്മറി ചിപ്പ് വിപണി ഈ വർഷം 890 ബില്യൺ ഡോളറിൻ്റെ (ഏകദേശം 74 ലക്ഷം കോടി രൂപ) വമ്പൻ വ്യവസായമായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Chip shortage is severe; Apple products including iPhone will cost more: Tim Cook warns















