
കെയ്റോ: ഈജിപ്തിലെ ഗിസ പ്രവിശ്യയിലുണ്ടായ വൻ ട്രെയിൻ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 112 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റുകയും ഈ റൂട്ടിലെ റെയിൽവേ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കെയ്റോയിൽ നിന്നും 76 കിലോമീറ്റർ തെക്ക് മാറിയാണ് സംഭവം. ഗിസയിൽ നിന്നും ഫയൂമിലേക്ക് പോവുകയായിരുന്ന ട്രെയിൻ, കെയ്റോയിൽ നിന്നും അസ്വാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് സ്റ്റേറ്റ് റെയിൽവേ അതോറിറ്റി വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് അടിയന്തര രക്ഷാസേനയും മെഡിക്കൽ സംഘവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന ബോഗികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കെയ്റോ-അപ്പർ ഈജിപ്ത് റെയിൽവേ ലൈനിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ അതോറിറ്റി ശ്രമിച്ചുവരികയാണെങ്കിലും സർവീസുകൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് വ്യക്തമല്ല.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Two passenger trains collide in Egypt: seven dead, over a hundred injured












