ന്യൂയോർക്ക്: ആപ്പിളിന്റെ ജനപ്രിയ വീഡിയോ കോളിങ് സേവനമായ ഫേസ്ടൈം ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടിയെടുക്കുന്ന പുതിയ തട്ടിപ്പ് വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളെ സമീപിക്കുന്ന തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങളും പാസ്വേഡുകളും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആദ്യം ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലോ ക്രെഡിറ്റ് കാർഡിലോ സംശയാസ്പദമായ ഇടപാട് നടന്നതായി അറിയിച്ച് ഒരു സന്ദേശം ലഭിക്കും. അതിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടും. ചില സന്ദർഭങ്ങളിൽ തട്ടിപ്പുകാർ നേരിട്ട് വിളിച്ച് “കൂടുതൽ പരിശോധന ആവശ്യമാണ്” എന്നും അറിയിക്കുമെന്നാണ് സിബിഎസ് ന്യൂസിന്റെ ദേശീയ ഉപഭോക്തൃകാര്യ ലേഖകൻ അഷ്-ഹർ ഖുറൈഷിയുടെ റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് സാധാരണ ഫോൺ കോൾ ഫേസ്ടൈം വീഡിയോ കോളാക്കി മാറ്റും. വീഡിയോ കോളിനിടെ അക്കൗണ്ട് പരിശോധിക്കണമെന്ന പേരിൽ ഉപഭോക്താക്കളെ മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീൻ ഷെയർ ചെയ്യാൻ പ്രേരിപ്പിക്കും. ഇതിനിടെ ഉപഭോക്താക്കൾ ഓൺലൈൻ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ പാസ്വേഡ്, അക്കൗണ്ട് നമ്പർ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സുരക്ഷാ കോഡ് (OTP) എന്നിവ തട്ടിപ്പുകാർ തത്സമയം കാണുകയും വിവരങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നു. ഫേസ്ടൈമിനെ സുരക്ഷിതമായ പ്ലാറ്റ്ഫോമായി ആളുകൾ വിശ്വസിക്കുന്നതിനാലാണ് തട്ടിപ്പുകാർ ഈ സേവനം ഉപയോഗിക്കുന്നതെന്ന് ആപ്പിൾ അറിയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന സംശയാസ്പദമായ ഫേസ്ടൈം കോൾ ലഭിച്ചാൽ അതിന്റെ സ്ക്രീൻഷോട്ട് അല്ലെങ്കിൽ ലൈവ് ഫോട്ടോ എടുത്ത് reportfacetimefraud@apple.com എന്ന വിലാസത്തിലേക്ക് അയച്ച് പരാതി നൽകണമെന്ന് ആപ്പിൾ നിർദേശിച്ചു.
തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പരിചയമില്ലാത്ത ആളുകൾ വിളിച്ചാൽ ഒരിക്കലും മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീൻ ഷെയർ ചെയ്യരുത്.
ആപ്പിൾ ഒരിക്കലും ഉപഭോക്താക്കളോട് പാസ്വേഡ്, പാസ്കോഡ്, ടു-ഫാക്ടർ ഓതന്റിക്കേഷൻ കോഡ് എന്നിവ ആവശ്യപ്പെടില്ല.
ഉടൻ പണം കൈമാറാനോ അക്കൗണ്ട് വിവരങ്ങൾ നൽകാനോ സമ്മർദം ചെലുത്തുന്നവർ സംശയാസ്പദരാണ്. അത്തരം കോൾ അവസാനിപ്പിച്ച് ബാങ്കുമായി ഔദ്യോഗിക നമ്പറിലൂടെ നേരിട്ട് ബന്ധപ്പെടുക.
ബാങ്കിന്റെ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിലെ ഫോൺ നമ്പറിലേക്ക് വിളിക്കരുത്. പകരം ബാങ്ക് കാർഡിന്റെ പിൻവശത്തുള്ള ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ മാത്രം ബന്ധപ്പെടുക.
Scammers are using FaceTime to steal bank account passwords












