ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്താനായി ഡൽഹിയിലെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ വിട്ടയച്ചു. ഞായറാഴ്ച പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് മൂവരെയും മോചിപ്പിച്ചത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഡൽഹി കൻറോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് സിജെപി നേതാക്കളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
മോചനത്തിനുപിന്നാലെ ഡൽഹി പൊലീസ് മൂവരെയും വിട്ടയയ്ക്കാൻ നിർബന്ധിതരായെന്ന് സിജെപി എക്സിൽ കുറിച്ചു. “പാറ്റകൾ ഒരിക്കലും ചത്തുപോകില്ല” എന്നും പാർട്ടി പരിഹസിച്ചു.
ശനിയാഴ്ച വിമാനം ഡൽഹിയിൽ ഇറങ്ങിയ ഉടൻതന്നെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് 7,000ത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ ജന്തർ മന്തറിലെത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം.
മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, മണിക് സർക്കാർ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ജന്തർ മന്തറിൽ പ്രതിഷേധം നടത്താനുള്ള ആഹ്വാനം സിജെപി ആവർത്തിച്ചു. നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും റിപ്പോർട്ടുണ്ട്. 30,000ത്തിലധികം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും വിന്യസിക്കാനായിരുന്നു തീരുമാനം.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സിജെപിയും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടുവരികയാണ്.
CJP leaders Abhijeet Dipke, Saurav Das and Ashutosh Ranka released from detention










